ഹരിപ്പാട്: ശുചിത്വ, കാർഷിക, പാർപ്പിട മേഖലകൾക്ക് പരിഗണണ നൽകിയ പള്ളിപ്പാട് പഞ്ചായത്തിന്റെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് തോമസ് മാത്യു അവതരിപ്പിച്ചു. തുടർച്ചയായ വെളളപ്പൊക്കങ്ങൾ മൂലം തകർന്ന പഞ്ചായത്തായ പള്ളിപ്പാട്ടെ കാർഷിക മേഖലക്കും, പട്ടികജാതി-വർഗ്ഗവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികൾക്കും കൂടുതൽ തുക വകയിരുത്തി. ക്ഷീര കർഷകർക്കുള്ള പദ്ധതികൾക്കും കന്നുകുട്ടി പരിപാലനത്തിനും സഹായമനുവദിക്കും. സാന്ത്വന പരിചരണത്തിനും, വയോജനങ്ങളുടെ ക്ഷേമത്തിനായും പ്രത്യേകം തുകയനുവദിച്ചിട്ടുണ്ട്. പള്ളിപ്പാട്ടെ നെൽകൃഷി ഉദ്പാദനം കൂട്ടുന്നതിനും പാടശേഖങ്ങളുടെ പുറംബണ്ട് ബലപ്പെടുത്തുന്നതിനുളള നടപടികൾ സ്വീകരിക്കും. ഇടവിള കൃഷികളും എള്ള് ,കുരുമുളക് കൃഷിയും പ്രോത്സാഹിപ്പിക്കും. 191502669 വരവും ,183033500 രൂപ ചിലവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. പഞ്ചായത്ത് പ്രസിഡന്റ് അജിതാ അരവിന്ദൻ അദ്ധ്യക്ഷത വഹിച്ച ബഡ്ജറ്റ് അവതരണ യോഗത്തിൽ ജില്ലാപഞ്ചായത്ത് വികസനകാര്യ ചെയർമാൻ എ.ശോഭ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശാന്തികൃഷ്ണ, ജോർജ്ജ് വർഗ്ഗീസ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ജേക്കബ് സി. ജോസഫ് നന്ദി പറഞ്ഞു.