ചേർത്തല : പച്ചക്കറിയോടൊപ്പം വൈവിദ്ധ്യ വിളകൾക്കും
മൃഗസംരക്ഷണത്തിനും സൂഷ്മതൊഴിൽ സംരംഭങ്ങൾക്കും ഊന്നൽ നൽകി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ ബഡ്ജറ്റ്. 35,22, 45 437 രൂപ വരവും 35, 11,94,000 രൂപ ചിലവും 10,51,437 മിച്ചവുമുള്ള ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ അവതരിപ്പിച്ചത്.
ക്ഷീര സംഘങ്ങളുടെ സഹായം ഉറപ്പാക്കി രാജ്യത്ത് ആദ്യമായി മൃഗങ്ങൾക്കും റേഷനിംഗ് സമ്പ്രദായം നടപ്പിലാക്കും. പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനും വിപണനം ഉറപ്പാക്കുന്നതിനുമായി കൂടുതൽ ഫണ്ട് നീക്കിവച്ചിട്ടുണ്ട്.പരമ്പരാഗത കർഷകരുടേയും പുതുതലമുറ കർഷകരുടേയും അറിവുകളും അനുഭവങ്ങളും പരസ്പരം പങ്കുവച്ച് കൃഷി കൂടുതൽ കരുത്താർജിപ്പിക്കാൻ പഴമൊഴി എന്ന പേരിൽ കൂട്ടായ്മകൾ ആരംഭിക്കും. ലൈഫ് പദ്ധതിയിൽ ഈവർഷം വീടുകൾ നിർമ്മിക്കുന്നതിനായി ഏഴര കോടി രൂപയാണ് ബഡ്ജറ്റിൽ നീക്കിവച്ചിട്ടുള്ളത്.വയോജനങ്ങൾക്കും കുട്ടികൾക്കും സ്ത്രീകൾക്കും സഹായകമാകുന്ന സുഭദ്റം പദ്ധതി ജനകീയമായി ശക്തിപ്പെടുത്തും. കുടുംബശ്രീകളുടെ ആധുനികവത്കരണത്തിന്റെ ഭാഗമായി സാമ്പത്തിക രജിസ്റ്ററുകൾ ഡിജിറ്റലൈസ് ചെയ്യും.ആദ്യഘട്ടമെന്ന നിലയിൽ എ.ഡി.എസ് കളുടെ കണക്ക് ലാപ് ടോപ്പിലാക്കും.
തൊഴിലവസരങ്ങൾ അറിയുവാനും അറിയിക്കുവാനും പഞ്ചായത്തിൽ ജനകീയ എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് ആരംഭിക്കും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.