ആലപ്പുഴ: ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയ റോഡിൽ വാട്ടർ അതോറിട്ടിയുടെ വെട്ടിപ്പൊളിക്കലിൽ നടത്തിയതോടെ തിരക്കേറിയ കല്ലുപാലം - കൊട്ടാരപ്പാലം പാതയിൽ പൊടിശല്യം രൂക്ഷം. അഞ്ച് മാസം മുമ്പാണ് ഇവിടെ ലക്ഷങ്ങൾ മുടക്കി റോഡ് നവീകരിച്ചത്. രണ്ടാഴ്ച മുമ്പ് പൈപ്പ് സ്ഥാപിക്കാനായി ഇരുവശവും കുത്തിപ്പൊളിച്ചതിന് ശേഷം കരാറുകാർ മണ്ണ് ഉറപ്പിക്കാതെ പോയതോടെ റോഡിലൂടെ സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. ഇരുചക്ര വാഹന യാത്രക്കാർ പുതഞ്ഞുകിടക്കുന്ന മണ്ണിൽ തെന്നി മറിയാനുള്ള സാദ്ധ്യത കൂടുതലാണ്. ആലപ്പുഴ ബസ് സ്റ്റാൻഡിലേക്കുള്ള കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾ ഇതുവഴിയാണ് സർവീസ് നടത്തുന്നത് . ഇത്കൂടാതെ എ.സി റോഡിൽ നിന്നും നഗരത്തിലേക്കെത്താൻ ദിനം പ്രതി നൂറുകണക്കിനാളുകൾ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. റോഡ് അശാസ്ത്രീയമായി പൊളിച്ചതോടെ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾക്കും തിരിച്ചടിയായി. വാഹനം പാർക്ക് ചെയ്യാൻ സാധിക്കാത്ത വിധത്തിലാണ് മണ്ണ് പുതഞ്ഞ് കിടക്കുന്നത്. കുഴിയെടുത്ത ഭാഗങ്ങളിലെ മണ്ണ് നഗരസഭയുടെ ശുചീകരണ തൊഴിലാളികളെത്തി വശങ്ങളിലേക്ക് മാറ്റുമെങ്കിലും, പ്രവൃത്തി വിഫലമാവുകയാണ്. ഇരുവശങ്ങളും ഒരേ പോലെ പൊളിച്ചതോടെ റോഡിന്റെ വീതി കുറഞ്ഞു. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകുകയാണ്.
.......................
# വെള്ളം പാഴാകുന്നു
കല്ലുപാലം, കൊട്ടാരപ്പാലം ഭാഗങ്ങൾക്ക് ശേഷം ചന്ദനക്കാവ് ഭാഗത്താണ് നിലവിൽ പൈപ്പിടീൽ നടക്കുന്നത്. ഈ ഭാഗത്ത് കഴിഞ്ഞ മൂന്ന് ദിവസമായി പൈപ്പ് പൊട്ടി വെള്ളം പാഴാവുകയാണ്. ദിവസങ്ങളോളം വെള്ളം പാഴായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതിയുണ്ട്.
....................
''പെപ്പ് സ്ഥാപിച്ച ശേഷം മണ്ണ് ഉറപ്പിക്കുകയോ ശരിയായ രീതിയിൽ മൂടുകയോ ചെയ്തിട്ടില്ല. കാൽനടക്കാർക്ക് പോലും വലിയ പ്രയാസമാണ് ഇതുവഴി സഞ്ചരിക്കാൻ. മണ്ണ് മാറ്റി ടാറിട്ട് റോഡ് യോഗ്യമാക്കിയില്ലെങ്കിൽ അപകട സാദ്ധ്യത കൂടുതലാണ്.
പി.എസ്.ഫൈസൽ, കൗൺസിലർ, പാലസ് വാർഡ്