
കായംകുളം: കായംകുളം കായലിന്റെ ഇരുകരകളായ കീരിക്കാടിനെയും പുതുപ്പള്ളിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടത്തുകടവ് - മുനമ്പേൽ പാലം നിർമ്മാണത്തിനായി മുറവിളി ഉയരുന്നു. പെതുമരാമത്ത് വകുപ്പ് മണ്ണ് പരിശോധനയും ഡിസൈനും നേരത്തെ തയ്യാറാക്കിയിരുന്നുവെങ്കിലും ജനപ്രതിനിധികളാരും മുൻകൈ എടുക്കാതിരുന്നതിനാൽ നടപടികൾ മുന്നോട്ട് പോയില്ല.
ഗതാഗത സൗകര്യത്തിന്റെ അപര്യാപ്തതയാണ് വികസന മുരടിപ്പിന് കാരണം. കൊല്ലം - ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് വലിയഴീക്കൽ പാലവും ദേവികുളങ്ങര - കണ്ടല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കൂട്ടുംവാതുക്കൽ കടവ് പാലവും യാഥാർത്ഥ്യമായതോടെ കടത്തുകടവ് പാലത്തിനായി ജനങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
കായംകുളം നഗരസഭ 40, 41 വാർഡുകളുടെ അതിർത്തിയായ കടത്തുകടവും ദേവികുളങ്ങര പഞ്ചായത്ത് ഒന്നാം വാർഡിന്റെ അതിർത്തിയായ മുനമ്പേൽ കടവും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം യാഥാർത്ഥ്യമായാൽ കായംകുളത്തിന്റെ സമഗ്ര വികസനത്തിന് മുൽക്കൂട്ടാകും.
കടത്തു വള്ളമില്ല, 6കി.മീ.ചുറ്റണം
ഇരുകരകളേയും ബന്ധിപ്പിയ്ക്കാൻ ദേവികുളങ്ങര പഞ്ചായത്തിന്റെ കടത്തുവള്ളം നേരത്തേ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴതുമില്ല. കായംകുളം നഗരത്തിൽ വന്ന് മുട്ടേൽ പാലത്തിലൂടെ സഞ്ചരിച്ച് 6 കിലോമീറ്റർ ചുറ്റിയാൽ മാത്രമേ ഇപ്പോൾ ഇരു കരകളിലേക്കും എത്താനാകൂ. പാലം യാഥാർത്ഥ്യമായാൽ പ്രദേശവാസികൾക്ക് മാത്രമല്ല പ്രയോജനം . ദേവികുളങ്ങര പഞ്ചായത്തിനെയും കണ്ടല്ലൂർ പഞ്ചായത്തിനെയും കായംകുളം നഗരസഭയേയും ബന്ധിപ്പിക്കാൻ കഴിയും.ദേശീയ പാതയിൽ പ്രവേശിക്കാതെ തീരദേശവാസികൾക്ക് ഓച്ചിറ,കരുനാഗപ്പള്ളി ഭാഗത്തേക്കുള്ള യാത്ര സാദ്ധ്യമാകും. ദേശീയപാതയിൽ ഗതാഗതതടസം ഉണ്ടായാൽ വാഹനങ്ങൾ ഈ വഴി തിരിച്ച് വിടാനും കഴിയും.
കടത്തുകടവ് - മുനമ്പേൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ തീരദേശങ്ങളെ തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണിയായിമാറും. ടൂറിസം സർക്യുട്ട് രൂപപ്പെടുന്നതിനും പാലം നിർമ്മാണം സഹായകമാകും.
- അമ്പിളിമോൻ രശ്മീശ്വരം
പാലം സംരക്ഷണസമിതി ജനറൽ കൺവീനർ