park-palam

ആലപ്പുഴ: കായംകുളം മാർക്കറ്റിനെയും നഗരത്തെയും ബന്ധിപ്പിക്കുന്ന പാർക്ക് ജംഗ്ഷൻ പാലത്തിന്റെ പുനർനിർമാണം അന്തിമഘട്ടത്തിൽ. നടപ്പാതയിൽ ടൈൽ പാകുന്നത് ഉൾപ്പെടെയുള്ള അവസാന മിനുക്കുപണികൾ പുരോഗമിക്കുന്നു. പാലം തുറക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും.

രണ്ടു വരി ഗതാഗതത്തിനായി 7.5 മീറ്റർ വീതിയുള്ള ക്യാരേജ് വേയും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമാണ് പാലത്തിലുള്ളത്. 1938ൽ നിർമ്മിച്ച പഴയ പാലത്തിന് വീതി കുറവായിരുന്നതിനാൽ ഗതാഗക്കുരുക്ക് പതിവായിരുന്നു. പാലത്തിൽ നടപ്പാത ഇല്ലാതിരുന്നത് കാൽനടക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ജി.സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് യു.പ്രതിഭ എം.എൽ.എയുടെ ആവശ്യം പരിഗണിച്ച് പാലം നവീകരണ പദ്ധതിക്ക് അനുമതി നൽകിയത്. സംസ്ഥാന ബഡ്ജറ്റിൽ നിന്നും വകയിരുത്തിയ 4.70 കോടി രൂപ വിനിയോഗിച്ചാണ് നിർമ്മാണം. 20.60 മീറ്റർ നീളമുള്ള പാലത്തിന് നാലു ഗോപുരങ്ങൾ രൂപഭംഗി നൽകുന്നു.