
മാന്നാർ: ഗതാഗതക്കുരുക്കിൽ നട്ടംതിരിയുന്ന മാന്നാറിന് ആശ്വാസമേകുന്ന ബൈപാസ് റോഡിനായുള്ള സാദ്ധ്യതാ പഠനം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. മന്ത്രി സജി ചെറിയാന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടി.
തട്ടാരമ്പലം-ചെന്നിത്തല-മാന്നാർ സംസ്ഥാനപാത വിഷവർശേരിക്കര-മൂർത്തിട്ട-മുല്ലശ്ശേരിക്കടവിൽ എത്തി പുതുതായി നിർമ്മിക്കുന്ന പാലത്തിലൂടെ കടപ്ര പഞ്ചായത്തിൽ എത്തുന്ന രീതിയിലായിരുന്നു ബൈപാസ് നിർമ്മിക്കാനുദ്ദേശിച്ചത്. എന്നാൽ ഹരിപ്പാട് കുടിവെള്ളപദ്ധതിക്കായി കൂറ്റൻ ജലസംഭരണി മുല്ലശ്ശേരിക്കടവിൽ ഉയർന്നതോടെ ബൈപാസ് സ്വപ്നം തകർന്നു. മാന്നാറിന്റെ ബൈപാസ് സ്വപ്നം മുടക്കിയ കുടിവെള്ള സംഭരണിയെക്കുറിച്ച് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞമാസം കേരളകൗമുദി മാന്നാർ ബ്യൂറോ ഉദ്‌ഘാടന വേളയിൽ, മാന്നാർ ബൈപാസ് തന്റെ സ്വപ്നപദ്ധതിയാണെന്നും ജലസംഭരണിവന്നത് സാദ്ധ്യത ഇല്ലാതാക്കിയെന്നും മന്ത്രി സജിചെറിയാൻ പറഞ്ഞിരുന്നു.
ബദൽമാർഗം കണ്ടെത്തുമെന്നും ബൈപാസ് യാഥാർത്ഥ്യമാക്കാൻ എല്ലാവരും ഒന്നിക്കണമെന്നും ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് സാദ്ധ്യതാ പഠനത്തിനായി പൊതുമരാമത്ത് എൻജിനീയർമാർ സ്ഥലംസന്ദർശിച്ചത്. അസി.എക്സിക്യുട്ടിവ് എൻജിനിയർ വിമൽ പി.ബി, അസി.എൻജിനീയർ ബിജിന എലിസബത്ത് എന്നിവരാണ് പരിശോധനയ്ക്ക് എത്തിയത്. സി.പി.എം ലോക്ക ൽകമ്മിറ്റി സെക്രട്ടറി കെ.എം.അശോകൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് കെബിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
സാദ്ധ്യത ഇങ്ങനെ
ജലസംഭരണിനിർമ്മിക്കുന്ന മുല്ലശ്ശേരിക്കടവിനു കിഴക്കോട്ടുമാറി പാലം പണിയുന്നതിനുള്ള സാദ്ധ്യതയാണ് എൻജിനീയർമാർ പരിശോധിച്ചത്. ഇതിനായി രണ്ട് സ്ഥലങ്ങൾ കണ്ടെത്തി. പാലം പണിയാതെ മുല്ലശ്ശേരിക്കടവിൽ നിന്ന് കിഴക്കോട്ട് പന്നായിപ്പാലത്തിൽ എത്തിച്ചേരുന്ന റോഡ് വീതികൂട്ടിയെടുക്കുന്ന സാദ്ധ്യതയും പരിശോധിച്ചെങ്കിലും ഇതുകൊണ്ട് ബൈപാസ് റോഡിന്റെ പ്രയോജനം ലഭിക്കുകയില്ലെന്നായിരുന്നു കണ്ടെത്തൽ. ആലപ്പുഴ-പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിട്ടൊഴുകുന്ന പമ്പാനദിക്ക് കുറുകെ പുതിയൊരുപാലം പണിതാൽ മാത്രമേ ബൈപാസ് സ്വപ്നം യാഥാർത്ഥ്യമാവുകയുള്ളൂ.
എങ്ങും ഗതാഗതക്കുരുക്ക്
മാന്നാർ ടൗണിന്റെ തിരക്കൊഴിവാക്കാനുള്ള ബൈപാസ് റോഡ് എന്ന സ്വപ്നത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. കായംകുളം-തിരുവല്ല സംസ്ഥാനപാതയിലെ പ്രധാന പട്ടണമായ മാന്നാറിൽ വീതിയില്ലാത്തറോഡുകളും അനധികൃത പാർക്കിംഗുമാണ് ഗതാഗതക്കുരുക്കിന് വഴിവയ്ക്കുന്നത്. സ്റ്റോർ ജംഗ്‌ഷൻ മുതൽ പന്നായിപ്പാലം വരെ നീണ്ടുകിടക്കുന്ന മാന്നാർടൗണിന്റെ ഹൃദയഭാഗമായ തൃക്കുരട്ടി ജംഗ്‌ഷൻമുതൽ പരുമലക്കടവ് വരെയുള്ള ഭാഗമാണ് ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നത്.