ആലപ്പുഴ: ഓമനപ്പുഴ ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14ാം വാർഡിൽ ഊന്നുകല്ലുങ്കൽ വീട്ടിൽ ജോസഫിന്റെ (ഷാജി) മകൻ അബിൻ ജോസഫിന്റെ (15) മൃതദേഹമാണ് സംഭവസ്ഥലത്തിന് 300 മീറ്റർ തെക്ക് മാറി കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെയാണ് അബിനും സഹോദരൻ ഷാരോണും കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കുവാനിറങ്ങിയത്. തുടർന്ന് അബിനെ തിരയിൽപ്പെട്ട് കാണാതാവുകയായിരുന്നു. മറ്റ് കുട്ടികൾ ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായി. ഇന്നലെ രാവിലെ എട്ട് മണിയോടെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂളിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥിയായിരുന്നു അബിൻ. മാതാവ്: മേരി ഗ്രേസി.