
ആലപ്പുഴ: ദേശീയപാതയിൽ കലവൂർ കെ.എസ്.ഡി.പിക്ക് മുന്നിൽ കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളത്തെ വാവക്കാട്ട് ജോൺകുട്ടി സോളമൻ (50) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ മേരി ഷേർളിയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം. ദമ്പതികൾ ബൈക്കിൽ റോഡ് മുറിച്ചു കടക്കവേ തെക്കുഭാഗത്തു നിന്നു വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജോൺകുട്ടിയും മേരിയും റോഡിലേക്ക് തെറിച്ചു വീണപ്പോൾ മറ്റൊരു വാഹനം ജോൺകുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ചെട്ടികാട് സ്റ്റേഷനറിക്കട നടത്തുകയായിരുന്നു ജോൺകുട്ടി. കാട്ടൂർ ഹോളിഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയാണ് മേരി ഷേർളി. മേരിയുടെ തലയ്ക്കും കാലുകൾക്കും പരിക്കുണ്ട്. ജോൺകുട്ടിയുടെ സംസ്‌കാരം ഇന്ന് പെള്ളേത്തെ തിരുക്കുടുംബ ദേവാലയത്തിൽ നടക്കും. മക്കൾ: എബിൻ ജോൺ (ഷാർജ), അഫിൻ ജോൺ, ആൻമേരി ജോൺ, ആൻസി മേരി ജോൺ, ആൽഫിൻ ജോൺ, അൽഫോൻസ് ജോൺ, ലിയോ ജോൺ.