aa

ആലപ്പുഴ: ഒരുവർഷം കൊണ്ട് ഗാർഹിക പാചകവാതക സിലിണ്ടറിന് കൂടിയത് 130 രൂപ. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് 50രൂപ. കണക്കുകൂട്ടലുകൾ തെറ്റിച്ച് മുന്നേറുന്ന വിലയ്ക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ് സാധാരണക്കാർ. ഇതിനിടെ, പണം നൽകി വാങ്ങുന്ന സിലിണ്ടറിനുള്ള സബ്സിഡി തുക ഉപഭോക്താവിന്റെ അക്കൗണ്ടിലെത്തുമെന്ന ഉറപ്പും പാ‌‌ഴ്‌വാക്കായി. മാസങ്ങളായി സബ്സിഡി തുക അപ്രത്യക്ഷമാണ്. ഒരു നിയന്ത്രണവമില്ലാതെ വില കുതിച്ച് കയറുമ്പോൾ, ആശ്രയിക്കാൻ പോക്കറ്റിനിണങ്ങിയ പകരം സംവിധാനങ്ങളും ലഭ്യമല്ല. ഹീറ്ററോ, ഇൻഡക്‌ഷൻ കുക്കറോ ഉപയോഗിച്ചാൽ സിലിണ്ടർ വിലയെ വെല്ലുന്ന രീതിയിൽ വൈദ്യുതി ബില്ല് മുന്നേറും. വിറകടുപ്പ് ഉപയോഗിക്കാമെന്ന് വിചാരിച്ചാൽ വിറക് കിട്ടാക്കനിയായി. പോരാത്തതിന് സമയ നഷ്ടവും. രണ്ടും മൂന്നും അടുപ്പുകളുള്ള ഗ്യാസ് സ്റ്റൗവിൽ പാചകം നടത്തിയിരുന്നവർക്ക് വിറകടുപ്പുമായി പൊരുത്തപ്പെടാനാവില്ലെന്നതാണ് യാഥാർത്ഥ്യം. ഒരു മാസത്തെ റേഷനൊപ്പം ലഭിക്കുന്നത് കേവലം അര ലിറ്റർ മണ്ണണ്ണയാണ്. ഇതടക്കം നിരവധി വിഷയങ്ങളാണ് വിറക് ഉപയോഗത്തെ പിന്നോട്ട് വലിക്കുന്നത്. ഗ്യാസുമായി താരതമ്യം ചെയ്യുമ്പോൾ വിറകിന്റെ വിലയിലും കാര്യമായ വ്യത്യാസമില്ല. ബയോഗ്യാസ് പ്ലാന്റുകൾ വഴി ഉത്പാദിപ്പിക്കുന്ന ഇന്ധനം ലഭിക്കുന്നവർക്ക് മാത്രമേ നിലനിൽപ്പുള്ളു. ചുരുങ്ങിയ അളവിൽ പാകം ചെയ്യാനുള്ള ഇന്ധനമാണ് പലപ്പോഴും ബയോഗ്യാസ് പ്ലാന്റുകളിൽ നിന്ന് ലഭിക്കുന്നത്.

ഗാർഹിക സിലിണ്ടറിന് ഇപ്പോഴത്തെ വില : 956 രൂപ

കഴിഞ്ഞ ആഴ്ചത്തെ വില : 906 രൂപ

വിലവർദ്ധന ഇങ്ങനെ

കഴിഞ്ഞ ദിവസം ..........50 രൂപ

ഒക്ടോബറിൽ............. 15 രൂപ

സെപ്തംബറിൽ ............ 25 രൂപ

ഓഗസ്റ്റിൽ ................... 25 രൂപ

ജൂലായിൽ ................. 25.50 രൂപ

ഏറ്റവും അത്യാവശ്യ കാര്യമാണ് പാചക വാതകം. ഗാർഹിക സിലിണ്ടറിന് അനിയന്ത്രിതമായി വില വർദ്ധിപ്പിക്കുന്ന നടപടി ഒരു തരത്തിലും സാധൂകരിക്കാനാവില്ല. ഏതു തരത്തിൽ വില നിയന്ത്രണം ഏർപ്പെടുത്താനാവുമെന്ന കാര്യമാണ് സർക്കാരുകൾ ആലോചിക്കേണ്ടത്

- അംബിക പണിക്കർ, കാവാലം