ph

കായംകുളം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന് തോറ്റ സ്ഥാനാർത്ഥിക്ക് കോടതി നിർദ്ദേശത്തെ തുടർന്ന് ടെൻഡർ വോട്ടെണ്ണി​യപ്പോൾ വി​ജയം. കായംകുളം നഗരസഭ 39 ാം വാർഡിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷീബാ ഷാനവാസ് വി​ജയി​ച്ചത്. തുല്യവോട്ട് വന്നതോടെ നറുക്കെടുക്കുകയായിരുന്നു.

കഴിഞ്ഞ തി​രഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നസീമ ഷംസുദ്ദീൻ ഒരു വോട്ടിന് വിജയിച്ചതായി റിട്ടേണിംഗ് ഓഫീസർ പ്രഖ്യാപിച്ചിരുന്നു. നസീമയ്ക്ക് 433 വോട്ടും ഷീബയ്ക്ക് 432 വോട്ടും ലഭിച്ചു. തുടർന്ന് റീകൗണ്ടിംഗി​നായി​ ഷീബ കായംകുളം മുൻസി​ഫ് കോടതി​യെ സമീപിച്ചു. കോടതി നിർദ്ദേശ പ്രകാരം ഒരു ടെൻഡർ വോട്ട് എണ്ണിയപ്പോൾ അത് ഷീബയ്ക്ക് ലഭിച്ചു. ഇതോടെ ഇരുവർക്കും തുല്യവോട്ടായി. തുടർന്ന് നറുക്കെടുത്തപ്പോൾ ഷീബയ്ക്ക് അനുകൂലമായി. കായംകുളം മുൻസിഫ് എ.ഷാനവാസിന്റെ മേൽനോട്ടത്തിലായിരുന്നു നടപടികൾ. ജില്ലാ കോടതിയിൽ അപ്പീൽ നൽകുമെന്ന് നസീമയുടെ അഭിഭാഷകൻ പറഞ്ഞു.