മാന്നാർ: കുരട്ടിശ്ശേരി കണ്ണങ്കാവിൽ ശ്രീമുത്താരമ്മൻ ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവം 27 ന് ആരംഭിച്ച് ഏപ്രിൽ 5 ന് സമാപിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രംതന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട്, ക്ഷേത്രാചാര്യൻ പളനി ആചാരി, മേൽശാന്തി അമരാവതിഇല്ലത്ത് അനന്തൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ 27 ന് രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമത്തോടുകൂടി കാൽനാട്ടുകർമ്മം നടത്തും.രാവിലെ 7ന് പറയ്‌ക്കെഴുന്നളളിപ്പിനായി ദേവിയെ പുറത്തേക്ക് എഴുന്നള്ളിക്കും. 7-ാം ഉത്സവ ദിനമായ ഏപ്രിൽ 2 ന് രാത്രി 7 ന് ചെട്ടികുളങ്ങര ശൈലനന്ദിനി കുത്തിയോട്ടസമിതിയുടെ പ്രമോദും പ്രദീപും അവതരിപ്പിക്കുന്ന കുത്തിയോട്ടച്ചുവടും പാട്ടും. ഏപ്രിൽ 3 ന് വൈകിട്ട് 5.15 ന് തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ നിന്നും തിരുവാഭരണ ഘോഷയാത്രയും 6.30 ന് ക്ഷേത്രസന്നിധിയിൽ തിരുക്കല്യാണവും നടത്തപ്പെടും. രാത്രി 7.15 മുതൽ മഴവിൽമനോരമ റിയാലിറ്റിഷോഫെയിം സുമേഷ് മല്ലപ്പള്ളി, അമ്പിളി രാജീവ് എന്നിവർ നയിക്കുന്ന പത്തനംതിട്ട ശ്രീരാഗം ഓർക്കസ്ട്രയുടെ ഗാന സന്ധ്യ. നാലിന് ഉച്ചയ്ക്ക് 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 6.45 ന് ക്ഷേത്രത്തിൽ നിന്നും പുളിമൂട്ടിൽകടവിലേക്ക് ആറാട്ടിനായി എഴുന്നള്ളിപ്പ്, 7.15 ന് മാന്നാർ രാജരാജേശ്വരി വിൽപ്പാട്ട്സമിതിയുടെ വിൽപ്പാട്ട്, രാത്രി 9 ന് പുളിമൂട്ടിൽകടവിൽ നിന്നും ആറാട്ട് വരവ്. ഏപ്രിൽ 5 ന് രാവിലെ 6 ന് കാർത്തിക പൊങ്കാല, 9 ന് വിൽപ്പാട്ട്. ഉച്ചയ്ക്ക് 12.30 മുതൽ മഞ്ഞൾനീരാട്ടോടുകൂടി ഉത്സവം സമാപിക്കും. വാർത്താസമ്മേളനത്തിൽ ക്ഷേത്രഭാരവാഹികളായ ടി.എസ്.കുമാർ (പ്രസിഡന്റ്), ശിവപ്രസാദ് ടി.എസ് (സെക്രട്ടറി), സതീഷ് എൻ.എ(ട്രഷറർ), കമ്മിറ്റി അംഗങ്ങളായ സി.ജി. അജിത് ലാൽ, സി.ജി അരുൺലാൽ, സൂരജ് എൻ.ആർ, പ്രദീപ് കുമാർ.എം എന്നിവർ പങ്കെടുത്തു.