t-v-r

തുറവൂർ: ആരോഗ്യമേഖലയ്ക്കും പട്ടികജാതി, പട്ടികവർഗ ക്ഷേമത്തിനും ഭവന നിർമ്മാണത്തിനും ഊന്നൽ നൽകിയുള്ള പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ബഡ്ജറ്റിന് അംഗീകാരം. 795434419 രൂപ വരവും 792984319 രൂപ ചെലവും 2463799 മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് വൈസ് പ്രസിഡൻറ് ആർ ജീവൻ ആണ് അവതരിപ്പിച്ചത് എല്ലാവർക്കും വീട് എല്ലാവർക്കും ഭക്ഷണം ആരോഗ്യമുള്ള ജനത എന്ന ലക്ഷ്യപ്രാപ്തിയ്ക്കായുള്ള പദ്ധതികൾക്ക് മുൻഗണന നൽകുന്നതാണ് ബഡ്ജറ്റ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പ്, പoനമുറി എന്നീ പദ്ധതികൾക്ക് ഒരു കോടി രൂപയും ആരോഗ്യമേഖലയ്ക്ക് 97 ലക്ഷം രൂപയും ലൈഫ് മിഷൻ പദ്ധതിയ്ക്ക് 30 ലക്ഷം രൂപയും പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ ) പദ്ധതിയിലേക്ക് ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി 1 കോടി 12 ലക്ഷം രൂപയും വകയിരുത്തി.കൂടാതെ ക്ഷീരമേഖലയ്ക്ക് 60 ലക്ഷം, കാർഷിക മേഖലയ്ക്ക് 30 ലക്ഷം, മത്സ്യ ബന്ധന മേഖലയ്ക്ക് 5 ലക്ഷം, അംഗൻവാടികളുടെ വികസനത്തിന് 42 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി. പുതിയ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിന്റെ പുർത്തീകരണത്തിന് 48 ലക്ഷം രൂപയും വയലാറിലെ ചെറുകിട വ്യവസായ പരിശീലന കേന്ദ്രത്തിന്റെ ചുറ്റുമതിൽ നിർമ്മാണത്തിന് 15 ലക്ഷം രൂപയും തുറവൂരിൽ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ആരംഭി ക്കുന്നതിന് 38.02 ലക്ഷം രൂപയും നീക്കി വച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പദ്ധതികൾ രൂപീകരിക്കും. കലാഭിരുചി ഉള്ളവർക്ക് പ്രായഭേദമന്യേ വിവിധ കലാ പഠന ക്ലാസുകൾക്കായുള്ള പദ്ധതികൾ തയ്യാറാക്കും. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി അദ്ധ്യക്ഷത വഹിച്ചു.