ന്യൂഡൽഹി: കുട്ടനാട്ടിലെ ജലസ്രോതസുകളുടെ സംരക്ഷണത്തിനായി 'കുട്ടനാട് നദീ പുനർജനി പദ്ധതി' പ്രഖ്യാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. പദ്ധതിയിലൂടെ നദികൾ, കനാലുകൾ, ഉപനദികൾ, നദീതടങ്ങൾ, നദികളുടെ ആഴം കൂട്ടൽ, എക്കൽ നീക്കം ചെയ്യൽ, ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുളവാഴ, ആഫ്രിക്കൻ പായൽ, കുടുക്ക പായൽ, പോള, എന്നിവയുടെ വ്യാപനം കുട്ടനാട്ടിലെ നദീജല ഗതാഗതത്തിനും, ടൂറിസത്തിനും, മത്സ്യ ബന്ധനത്തിനും തടസ്സം സൃഷ്‌ടിക്കുന്നുണ്ട്. കുട്ടനാട്ടിലെയടക്കം കേരളത്തിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയ്ക്ക് വിവിധ പദ്ധതികൾ അനിവാര്യമാണെന്നും എംപി ചൂണ്ടിക്കാട്ടി.