
കുട്ടനാട്:വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന് 2022 -23സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ കാർഷിക , ടൂറിസം, ആരോഗ്യം മേഖലകൾക്ക് മുന്തിയ പരിഗണന. 5,62,11,500 രൂപ വരവും 5,19,90,500 രൂപ ചെലവും 42,21,000 മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് പ്രസിഡന്റ് എം.വി.വിശ്വംഭരൻ അവതരിപ്പിച്ചു. ഉത്പാദനമേഖലയിൽ പാടശേഖരസമിതികൾക്ക് പെട്ടിയും പറയും വെർട്ടിക്കിൾ ആക്സിസ് പമ്പ് എന്നിവക്കായി 23.50 ലക്ഷം രൂപയും കറവ മാടുകൾ വാങ്ങുന്നതിനായി 9 ലക്ഷം രൂപയും ബണ്ട് ബലപ്പെടുത്തുന്നതിനായ് 10ലക്ഷം രൂപയും വകയിരുത്തി. പ്രാദേശിക ടൂറിസം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നീലംമ്പേരൂർ ഗ്രാമപഞ്ചായത്തിലെ ആക്കനടി ടൂറിസം പദ്ധതിക്കായി റീബിൽഡ് കേരള, നീലംമ്പേരൂർ ഗ്രാമപഞ്ചായത്ത് എന്നിവയുമായി ചേർന്ന് 10ലക്ഷം രൂപയും വകയിരുത്തി. ബ്ലോക്ക് പഞ്ചായത്തിലെ ആറു പഞ്ചായത്തുകളിലും ആരോഗ്യ മേഖലയിലെ സേവനം ഭവനങ്ങളിൽ ലഭ്യമാക്കുന്നതിന് സാന്ത്വന വൈദ്യൻ എന്ന നൂതന പ്രോജക്ട് പാലിയേറ്റിവ് മേഖലയിൽ നടപ്പാക്കാൻ വിഭാവനം ചെയ്തിട്ടുണ്ട്. കൂടാതെ മുഴുവൻ പഞ്ചായത്തുകളിലേയും വനിതകൾക്കും പുരുഷന്മാർക്കും വേണ്ടി കായിക രംഗത്ത് ബ്ലോക്ക് ടീം രൂപികരിക്കുന്നതിനായി 3 ലക്ഷം രൂപ വീതം വകയിരുത്തി. വനിതകൾക്ക് സ്വയം തൊഴിലിനായി 10 ലക്ഷവും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്കോളർഷിപ്പ് ഇനത്തിൽ 9 ലക്ഷവും അനുപൂരക പോഷകാഹാര പരിപാടിക്ക് 8.5 ലക്ഷവും പട്ടികജാതി കോളേജ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിനായി 20 ലക്ഷവും പഠനമുറിയ്ക്ക് 12 ലക്ഷം രൂപയും വകകൊള്ളിച്ചു. പശ്ചാതലമേഖലയിൽ റോഡുകളുടെ നിർമ്മാണത്തിനായി 35 ലക്ഷം രൂപയും തോടുകളുടെ നവീകരണത്തിനും പൈപ്പ്ലൈൻ എക്സ്റ്റഷനുവേണ്ടി 43 ലക്ഷവും വകയിരുത്തി. പുളിങ്കുന്ന് താലൂക്ക് ആശുപത്രി വികസനത്തിനായി 102 കോടി രൂപയും വെളിയനാട് സി.എച്ച്.സിയ്ക്കായി 25 ലക്ഷം രൂപയും നീക്കി വെച്ചു. ലൈഫ് ഭവനപദ്ധതിക്കായി 46 ലക്ഷം രൂപയും അതിദരിദ്രരുടെ ഉന്നമനത്തിനായി 15 ലക്ഷം രൂപയും അടങ്ങുന്നതാണ് ഇത്തവണത്തെ ബഡ്ജറ്റ്.