
മാന്നാർ: പാവുക്കര രണ്ടാംവാർഡ് കൊച്ചുവീട്ടിൽപടിയിൽ വർഷങ്ങളായി തകർന്നു കിടന്നിരുന്ന കുരട്ടിശ്ശേരിപുഞ്ചയിലെ വേഴത്താർ, കണ്ടങ്കേരിപാടം ശ്മശാനം റോഡ് കർഷകരുടെ ആവശ്യപ്രകാരം നവീകരിപ്പോൾ വീതികുറഞ്ഞത് കർഷകർക്ക്തന്നെ വിനയായി. നാലുമീറ്റർ വീതിയുണ്ടായിരുന്ന റോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത്കഴിഞ്ഞപ്പോൾ രണ്ടരമീറ്റർ വീതിയിലായി. 15 ദിവസത്തിനുള്ളിൽ റോഡിന്റെ ഇരുവശവും സംരക്ഷണ ഭിത്തികെട്ടി വീതികൂട്ടി നൽകാമെന്ന ധാരണയിലാണ് കോൺക്രീറ്റ് ചെയ്തത്. എന്നാൽ മാസം മൂന്നുകഴിഞ്ഞിട്ടും റോഡിന്റെ ദുരവസ്ഥക്ക് മാറ്റംവരാത്തതിൽ കർഷകർ പ്രതിഷേധത്തിലാണ്. പാടശേഖരത്തിലേക്ക് കൊയ്ത്ത് യന്ത്രം കൊണ്ടുപോകാനോ നെല്ല്സംഭരിക്കാനെത്തുന്ന വാഹനങ്ങൾക്ക് കടന്നുപോകാനോ കഴിയാത്ത അവസ്ഥയാണിപ്പോൾ. കൃഷിവകുപ്പിന്റെയും പഞ്ചായത്ത് ഭരണസമിതിയുടെയും കർഷക പ്രതിനിധികളുടെയും സംയുക്ത മീറ്റിംഗിൽ 31 നു മുമ്പായി റോഡ് സംരക്ഷണഭിത്തികെട്ടി വാഹനങ്ങൾക്ക് പോകത്തക്കനിലയിൽ വീതികൂട്ടി നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ വേണ്ടനടപടികൾ കൈക്കൊണ്ടിട്ടില്ലെന്ന് കർഷകർ പറയുന്നു. റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് വേഴത്താർ, കണ്ടങ്കേരി പാടശേഖരങ്ങളിലെ കർഷകർ ഏപ്രിൽ ആദ്യവാരം മുതൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പാടശേഖര പ്രതിനിധികളായ ബിജു ഇക്ബാൽ, മദൻമോഹൻ.ജി.പിള്ള, പ്രശാന്തൻ കെ.എസ്സ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.