
ചേർത്തല:ചേർത്തലയിൽ പത്തുലക്ഷത്തോളം വിലവരുന്ന പന്ത്റണ്ടര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ
പിടിയിലായി. വള്ളികുന്നം ഇലപ്പിക്കുളം സുനിൽഭവനത്തിൽ അനന്തു(19),പുതിയേടത്ത് വീട്ടിൽ ഫയാസ്(19)എന്നിവരെയാണ് ചേർത്തല പൊലീസ് പിടികൂടിയത്.വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദേശീയപാതയിൽ ഒറ്റപുന്നകവലയിൽവെച്ചാണ് ഇവരെ പിടിച്ചത്.ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടന്ന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എറണാകുളത്തുനിന്നുള്ള കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസിലാണ് കഞ്ചാവുമായി ഇരുവരെത്തിയത്. പൊലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ചെങ്കിലും പിൻതുടർന്ന് പിടികൂടുകയായിരുന്നു.ഒറീസ,ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവെത്തിച്ചത്.തുച്ഛമായ തുകക്കു കഞ്ചാവുവാങ്ങി കച്ചവടക്കാർക്ക് കിലോക്ക് 25000-40000 വരെ വിലക്കാണ് ഇവർ വിറ്റിരുന്നത്.എറണാകുളത്തെത്തി ചേർത്തല ആലപ്പുഴ ഭാഗങ്ങളിൽ വിതരണത്തിനു കൊണ്ടു പോകുമ്പോഴാണ് പിടിയിലായത്. സ്ഥരിമായി കഞ്ചാവു വിൽപ്പന നടത്തുന്നവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.കെ.ബിനുകുമാർ,ചേർത്തല ഡി.വൈ.എസ്.പി ടി.ബി വിജയൻ എന്നിവരുടെ നിർദ്ദേശത്തെ തുടർന്ന് ചേർത്തല സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.വിനോദ്കുമാറിന്റെയും എസ്.ഐ ബിജുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. ഉദ്യോഗസ്ഥരായ മഹേന്ദ്ര, ബി.ഹരീഷ്,സുനിലാൽ,ഇല്യാസ്,സന്തോഷ്, ജിതിൻ, ഹരികൃഷ്ണൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി.