മാന്നാർ: മാന്നാർ ഗ്രാമ പഞ്ചായത്തിൽ താത്കാലിക ജീവനക്കാരന്റെ സേവന കാലാവധി പുതുക്കി നൽകുന്നതു സംബന്ധിച്ച ചർച്ചയുമായി ബന്ധപ്പെട്ട് നടന്ന വോട്ടിംഗിൽ ഭരണകക്ഷിക്ക് തോൽവി സംഭവിച്ചതിനാൽ പ്രസിഡന്റ് രാജിവെക്കണമെന്ന് യു.ഡി.എഫും ബി.ജെ.പിയും ആവശ്യപ്പെട്ടു. പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനെ തുടർന്നു പോകാനായുള്ള കരാർ പുതുക്കി നൽകുന്നതിനെ ഭരണകക്ഷിയിൽ പെട്ട അംഗം ഉൾപ്പടെ 10 അംഗങ്ങൾ അനുകൂലിച്ചപ്പോൾ 8 ഭരണകക്ഷി അംഗങ്ങൾ അതിനെ എതിർത്തു. ഭരണകക്ഷിയിലെ തന്നെ ഒരു അംഗം ഭരണ സമിതിയുടെ തീരുമാനത്തിന് എതിരായി വോട്ട് ചെയ്തതോടെ മാന്നാർ പഞ്ചായത്തിൽ വലിയ ഭരണ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യു.ഡി.എഫും ബി.ജെ.പിയും ആരോപിച്ചു. കാല് മാറ്റത്തിലൂടെ അധികാരത്തിലെത്തിയ എൽ.ഡി.എഫ് ധാർമ്മികതയുണ്ടെങ്കിൽ പ്രസിഡന്റ് രാജിവെക്കണമെന്ന് സുജിത്ത് ശ്രീരംഗത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ അജിത്ത് പഴവൂർ, വത്സലാ ബാലകൃഷ്ണൻ, മധു പുഴയോരം, ഷൈന നവാസ്, രാധാമണി ശശീന്ദ്രൻ, ഉണ്ണികൃഷ്ണൻ, പുഷ്പലത എന്നിവർ സംസാരിച്ചു. ഭരണകക്ഷി പാർട്ടിയുടെ യുവജന വിഭാഗം നേതാവിനെ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായി തിരുകി കയറ്റാനുള്ള സി. പി.എം ന്റെ ഗൂഢശ്രമമാണ് ഇതോടെ പൊളിഞ്ഞതെന്ന് ബി.ജെ.പി മാന്നാർ മണ്ഡലം വൈസ് പ്രസിഡന്റും കലാധരൻ കൈലാസവും മണ്ഡലം സെക്രട്ടറി ശിവകുമാറും ആവശ്യപ്പെട്ടു.