ph
ഫോട്ടോ

കറ്റാനം: 55 വർഷത്തിലേറെ പഴക്കമുള്ള റേഡിയോ കിയോസ്ക് പുനരുദ്ധരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഭരണിക്കാവ് പഞ്ചായത്തിലെ ഏക റേഡിയോ കിയോസ്ക്കായ ഇത് കട്ടച്ചിറ പാറയ്ക്കൽ ജംഗ്ഷനിൽ പഴയ കൂട്ടായ്മക്കാർ സ്ഥാപിച്ചതായിരുന്നു. ഇവിടെ ഉണ്ടായിരുന്ന ആൽമരം മുറിച്ചുമാറ്റിയാണ് നിർമ്മിച്ചത്. വൈകുന്നേരങ്ങളിൽ തൊഴിലാളികളടക്കമുള്ള നൂറു കണക്കിന് ആളുകളായിരുന്നു ശ്രോതാക്കളായി ഇവിടെ ഉണ്ടായിരുന്നത്.കൃഷ്ണപുരം, കാപ്പിൽ,ചൂനാട്, തെക്കേ മങ്കുഴി, കട്ടച്ചിറ ,ഇലിപ്പക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ ആളുകളായിരുന്നു എത്തുന്നത്. ജോലിയും കഴിഞ്ഞ് ചന്തയിൽ നിന്ന് മത്സ്യവും വാങ്ങി വീട്ടിലെത്തിച്ച് ഒരു കുളിയും കഴിഞ്ഞ് തോർത്തും തോളിലിട്ട് ഇവിടേയ്ക്ക് എത്തുന്നവരുടെ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു. സൗഹൃദങ്ങളുടെ മികച്ച നിമിഷങ്ങൾ കൂടി ഇവിടം സമ്മാനിച്ചിരുന്നു. നിലത്തിരുന്നായിരുന്നു റേഡിയോ ശ്രവിച്ചിരുന്നത്. ഒരു പഴയ റേഡിയോ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. വാർത്തകൾ കേൾക്കാൻ, പാട്ട് കേൾക്കാൻ, ആധുനിക സാങ്കേതിക വിദ്യകൾ കൂടി സംയോജിപ്പിച്ച് പുനരുദ്ധാരണത്തിന് ശ്രമിച്ചെങ്കിലും അധികാരികളുടെ ഭാഗത്തു നിന്നും സഹായം ലഭിക്കാതെ പോയതാണ് പുരോഗതിയിലേക്ക് എത്താതെ പോയത്.സമീപ പഞ്ചായത്തുകളെ അപേക്ഷിച്ചായാലും പഴമയുടെ നേർ ചിത്രമായി ഇന്നും നിലനിൽക്കുന്ന ഒരു കിയോസ്ക് ഇതു മാത്രമേ ഉള്ളൂ.

കാലം മാറി​യെങ്കി​ലും പുതുതലമുറയിൽപ്പെട്ട ഒട്ടേറെ ശ്രോതാക്കൾ ഇപ്പോഴും ഇവി​ടെ ഉണ്ട്. പുതി​യ സംവി​ധാനങ്ങളും സൗകര്യങ്ങളും ഉൾപ്പെടുത്തി​ കി​യോസ്ക് വീണ്ടും സജ്ജീകരി​ക്കണമെന്നാണ് നാട്ടുകാരുടെ ആഗ്രഹം. നാട്ടുകാർ ഏറെക്കാലമായി​ ആഗ്രഹി​ക്കുന്ന വായനശാലയും പി​. എസ്.സി​ കോച്ചിംഗ് സെന്ററും ഇവി​ടെ ഒരുക്കാവുന്നതാണ്. പഴയ കാലത്തേതി​നേക്കാൾ കൂടുതൽ സൗകര്യങ്ങളോടെ പുതി​യൊരു കി​യോസ്ക് വരുമെന്ന പ്രതീക്ഷയി​ലാണ് പാറയ്ക്കൽ പ്രദേശവാസി​കൾ.

പുത്തൻ വാർത്തകളും സംഗീതവും കൊതിച്ച് കാത്തിരിക്കുകയാണ് ഈ റേഡിയോ മുറി.

നൂതന സങ്കേതിക വിദ്യകൾ ഉപയോഗിച്ച് പുനരുദ്ധരി​ക്കുവാനാണ് പഞ്ചായത്ത് ലക്ഷ്യമി​ടുന്നത്. കെട്ടിടം ശോചനീയാവസ്ഥയിലാണ്. പഞ്ചായത്തിൽ ഒന്നു മാത്രമുള്ള അതിപുരാതനമായ കി​യോസ്കി​ന്റെ പുനരുദ്ധാരണത്തിനായി ബഡ്ജറ്റിൽ തുക വകയിരുത്താൻ ശ്രമിക്കും.

കെ.ആർ.ഷൈജു, ഗ്രാമ പഞ്ചായത്തംഗം

.................................................

കിയോസ്ക് കാലപഴക്കത്താൽ നശിച്ചു കൊണ്ടിരിക്കുകയാണ്. നാട്ടുകാരുടെ സ്വപ്നമായ വായനശാലയും പി.എസ്.സി കോച്ചിംഗ് സെന്ററും ഉൾപ്പെടെ ഇവിടെ സ്ഥാപിക്കാൻ കഴിയും. ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ഏതു സഹായത്തിനും തയ്യാറാണ്.

ജലീൽ പീടികയിൽ, പൊതുപ്രവർത്തകൻ

...........................................

പഴമ നിലനിർത്തി തന്നെ കിയോസ്ക് ആധുനികവത്കരിക്കണം. ഒരു നാടിന്റെ പൈതൃകമായി​ട്ടാണ് ഇതി​നെ കാണേണ്ടത്.

ഹരിദാസൻ, കുളത്തിന്റെ കിഴക്കതിൽ