photo

ആലപ്പുഴ : ബോട്ടുചാലിൽ പോള തിങ്ങിയതോടെ, ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ, മുഹമ്മ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രാ ബോട്ട് സർവീസുകൾ പ്രതിസന്ധിയിലായി. ആലപ്പുഴയിൽ നിന്ന് വേണാട്ടുകാട്, കാവാലം,കിടങ്ങറ, ചങ്ങനാശ്ശേരി, കോട്ടയം റൂട്ടുകളിലേക്കുള്ള സർവീസുകളെയും മുഹമ്മയിൽ നിന്ന് കുമരകം, ആക്കത്ത്, കണ്ണങ്കര, നോർത്ത് ജെട്ടി എന്നിവിടങ്ങളിലേക്കുമുള്ള സർവീസുകളെയുമാണ് പോളശല്യം ദോഷകരമായി ബാധിക്കുന്നത്. ചില ജെട്ടികളിൽ ബോട്ട് അടുപ്പിക്കാൻ കഴിയാത്ത വിധം പോള നിറഞ്ഞു കിടക്കുകയാണ്. ആലപ്പുഴ- കൃഷ്ണപുരം റൂട്ടിലും സ്ഥിതി ഇതുതന്നെ. പോളനീക്കം ചെയ്യേണ്ട ജലസേചനവകുപ്പ് കൃത്യമായ ഇടപെടൽ നടത്താത്തതാണ് ബോട്ട് ചാലിൽ പൊള തിങ്ങാൻ കാരണം. പോള തിങ്ങി കിടക്കുന്നതിന്നാൽ ബോട്ടുകൾ ജെട്ടിയിൽ അടുപ്പിക്കുന്നതിനു തടസങ്ങൾ സൃഷ്ടിക്കുന്നു. പോളകൾ കയറി ബോട്ടിന്റെ എൻജിനുകൾക്ക് തകരാർ ഉണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്.

പോള നീക്കം ചെയ്യണം

ബോട്ട് ചാലിലെ പോള നീക്കം ചെയ്ത്, സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ജെട്ടികളിൽ ബോട്ട് സുഗമമായി അടുപ്പിക്കുന്നതിന് ഇറിഗേഷൻ വകുപ്പ് അടിയന്തരനടപടി സ്വീകരിക്കണമെന്ന് സ്രാങ്ക് അസോസിയേഷൻ സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സി.എൻ.ഓമനക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് കുപ്പപ്പുറം, ട്രഷറർ എം.സി.മധുക്കുട്ടൻ, രക്ഷാധികാരി കെ.എസ്.അനൂപ്, പ്രേംജി, ദേവിദാസ്, വിനോദ് നടുത്തുരുത്ത്, ജോൺ, വിഷ്ണു ഷാജി, റ്റോൺബി, കിഷോർ, രഞ്ജീഷ്‌കുമാർ . സഹദേവൻ, സാനു വേണാട്ടുകാട്, ഷൈജു, തുടങ്ങിയവർ പങ്കെടുത്തു.

"കുട്ടനാട് പദ്ധതിയിൽ ഉൾപ്പെടുത്തി പോള നീക്കം ചെയ്യാനുള്ള പ്രവർത്തനം ആരംഭിച്ചു. എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിച്ചു. ഏപ്രിൽ ആദ്യവാരം ജോലികൾ ആരംഭിക്കും. കഴിഞ്ഞ വർഷം ജലാശയങ്ങൾ പോള നീക്കി വൃത്തിയാക്കിയിരുന്നതാണ്. ബോട്ട് ജീവനക്കാരുടെ സംഘടനയും പോളശല്യത്തെപ്പറ്റി പരാതി നൽകിയിരുന്നു.

- ഇറിഗേഷൻ വകുപ്പ് അധികൃതർ