 
മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്തിൽ ബഡ്ജറ്റ് അവതരണത്തോടനുബന്ധിച്ച് പ്രതിപക്ഷമായ യു.ഡി. എഫ് യോഗം ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. ബി.ജെ.പി ബഡ്ജറ്റിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.
അകത്ത് ബഡ്ജറ്റ് യോഗം നടക്കുമ്പോൾ പുറത്ത് പ്രതിപക്ഷകക്ഷികളുടെ പ്രതിഷേധ സമരങ്ങളുടെ നിരയായിരുന്നു മാന്നാർ പഞ്ചായത്തിൽ. നികുതിയും നികുതിയേതര വരവുകളും ഉൾപ്പെടെ 94 ലക്ഷംരൂപ മാത്രം വരുന്ന പഞ്ചായത്തിൽ വരുമാനം വർദ്ധനവിനുള്ള യാതൊരു നിർദ്ദേശവും ഉൾക്കൊള്ളിക്കാതെ കോടികളുടെ കണക്കുകൾ നിരത്തി ജനങ്ങളെ വഞ്ചിക്കുവാനാണ് ച ബഡ്ജറ്റിലൂടെ പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നതെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് അംഗങ്ങളുടെ ബഹിഷ്കരണം. പഞ്ചായത്ത് ഓഫീസിനു മുമ്പിൽ ഇവർ കുത്തിയിരുന്നു പ്രതിഷേധിച്ചു. മാന്നാർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സതീഷ്ശാന്തിനിവാസ് ധർണ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പാർലമെന്ററി പാർട്ടിനേതാവ് സുജിത്ശ്രീരംഗം , ഗ്രാമപഞ്ചായത്തംഗങ്ങളായ അജിത്ത്പഴവൂർ, വത്സല ബാലകൃഷ്ണൻ, കെ.മധു പുഴയോരം, പുഷ്പലത, രാധാമണി ശശീന്ദ്രൻ, ഉണ്ണികൃഷ്ണൻ വി.കെ എന്നിവർ സംസാരിച്ചു.
ജനദ്രോഹ ബഡ്ജറ്റ് അംഗീകരിക്കാനാവില്ലെന്നറിയിച്ച് ബി.ജെ.പിയുടെ ഏകപഞ്ചായത്തംഗമായ ശാന്തിനിയും ബഡ്ജറ്റ് യോഗം ബഹിഷ്കരിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബഡ്ജറ്റ് കത്തിച്ച് ബി.ജെ.പി പ്രതിഷേധസമരം നടത്തി. മണ്ഡലംപ്രസിഡന്റ് സതീഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ. കിഴക്കൻമേഖലാ പ്രസിഡന്റ് സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന.സെക്രട്ടറി രമേശ് പേരിശേരി, വൈസ് പ്രസിഡൻറ് ബിനുരാജ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡൻറ് കലാധരൻകൈലാസം, സെക്രട്ടറി ശിവകുമാർ, ജില്ലാകമ്മിറ്റിയംഗങ്ങളായ മാന്നാർ സുരേഷ്, സജീഷ് തെക്കേടം, പടിഞ്ഞാറൻമേഖലാ സെക്രട്ടറി സുന്ദരേശൻപിള്ള, മഹിളാമോർച്ച മണ്ഡലം ജനറൽസെക്രട്ടറി പാർവ്വതി രാജീവ്, കർഷകമോർച്ച ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ, വൈസ്പ്രസിഡൻറ് രാജേഷ്, ഒബിസിമോർച്ച ജില്ലാകമ്മിറ്റിയംഗം സുരേഷ്, എസ്.സിമോർച്ച മണ്ഡലം വൈസ്പ്രസിഡൻറ് അശോകൻ, പഞ്ചായത്ത്കമ്മിറ്റി ഭാരവാഹികളായ രാജീവ് ശ്രീരാധേയം, ശിവപ്രസാദ്, രമേശൻ, അനുപമരാജീവ്, സേതുലക്ഷ്മി രാജേഷ്, എന്നിവർ നേതൃത്വം നൽകി.