
മാന്നാർ: രണ്ടരപതിറ്റാണ്ടിനു ശേഷം മാന്നാർ പഞ്ചായത്തിന്റെ ആസ്തിയിൽ വർദ്ധനവ് വരുത്തി 26 സെന്റ് സ്ഥലം ഈ നടപ്പുവർഷം വാങ്ങാൻ കഴിഞ്ഞത് ഭരണസമിതിയുടെ നേട്ടമായെന്ന് മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രത്നകുമാരി. ഹരിതകർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്-പ്ലാസ്റ്റിക്കേതര വസ്തുക്കൾ തരംതിരിക്കാനായി കെട്ടിടംപണിയുന്നതിനും, ഹൈടെക് അംഗനവാടിക്കും വാടകക്കെട്ടിടത്തിൽപ്രവർത്തിക്കുന്ന ന്യൂട്രിമിക്സ് യൂണിറ്റിനായും ഈ സ്ഥലം വിനിയോഗിക്കും. കൊവിഡ് കാലത്ത് ആരോഗ്യ സംരക്ഷണത്തിനും മറ്റുമായി വലിയൊരു തുക വിനിയോഗിച്ചപ്പോഴും കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ പരമാവധി പൂർത്തിയാക്കാൻ കഴിഞ്ഞതായി വൈസ് പ്രസിഡന്റ് സുനിൽശ്രദ്ദേയം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, സലിം പടിപ്പുരയ്ക്കൽ, പഞ്ചായത്ത് സെക്രട്ടറി കെ.പി.ബിജു , ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ.ശിവപ്രസാദ്, സുജാതമനോഹരൻ, സുനിത ഏബ്രഹാം, സലീന നൗഷാദ് എന്നിവർ പങ്കെടുത്തു.