ആലപ്പുഴ: ആയുഷ് മന്ത്രാലയത്തിന്റെ ഇടപെടൽ ഉണ്ടായിട്ടും ജീവൻവെയ്ക്കാതെ ജില്ലാ ഗവ. ആയുർവേദ പഞ്ചകർമ്മ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിടം. മൂന്ന് തൂണുകൾക്ക് ബലക്ഷയം കണ്ടത്തിയതിനെ തുടർന്ന് പാതിവഴിയിൽ നിർമ്മാണം നിലച്ചതാണ്. കഴിഞ്ഞ ഒക്ടോബറിൽ സ്ഥലം സന്ദർശിച്ച ആയുഷ് മന്ത്രാലയം അഡിഷണൽ സെക്രട്ടറി ബൂഷൻ, ബലക്ഷയം വന്ന തൂണുകളുടെ ബലപ്പെടുത്തൽ ജനുവരി 30നുള്ളിൽ കരാറെടുത്ത ഹിന്ദുസ്ഥാൻ ഫ്രീ ഫാബ്‌സ് ലിമിറ്റഡ് സ്വകാര്യ ഏജൻസിക്ക് നിർദേശം നൽകി.എന്നാൽ കരാർ കമ്പനി മുന്നറിയിപ്പ് ചെവി കൊണ്ടില്ല. ബലക്ഷയം വന്ന തൂണുകളുടെ ബലപ്പെടുത്തൽ ജോലി ഒക്ടോബർ 30ന് ആരംഭിച്ച് 2022 ജനുവരി 30ന് പൂത്തികരിക്കാനാണ് അന്ന് തീരുമാനിച്ചത്. മാർച്ച് മാസത്തിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങി തുടർ നിർമ്മാണം ആരംഭിക്കാനും ധാരണയിലെത്തിയത്. എൻ.എച്ച്.എം ചീഫ് എൻജിനീയറും എൻ.എച്ച് എൻജിനീയർമാർ അംഗങ്ങളുമായ സാങ്കേതിക സമിതി നിർമ്മാണ ജോലികൾക്ക് മേൽനോട്ടം വഹിക്കാനായിരുന്നു മറ്റൊരു നിർദേശം. എന്നാൽ ആറ് മാസം പിന്നിട്ടിട്ടും നിർദേശങ്ങളിൽ മാത്രം ഒതുങ്ങുകയാണ് പഞ്ചകർമ്മ ആശുപത്രി.

......

# നിർമ്മണ തുടക്കം 2014ൽ

പഞ്ചകർമ്മ ആശുപത്രിയുടെ പുതിയ കെട്ടിട നിർമ്മാണം 2014ലാണ് ആരംഭിച്ചത്. ഇതിനായി വലിയചുടുകാട് ജംഗ്ഷന് സമീപം ആലപ്പുഴ നഗരസഭയുടെ ഒരേക്കർ 60 സെന്റ് ഭൂമി സർക്കാർ ഏറ്റെടുത്തു. അഞ്ചുകോടി രൂപ ആയുഷ് മന്ത്രാലയം കെട്ടിടനിർമ്മാണത്തിന് അനുവദിച്ചു. 2015ൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. ആദ്യ ഗഡുവായി ലഭിച്ച 2 കോടി രൂപ കൊണ്ട് പൈലിംഗ് അടക്കം 159 തൂണുകളുടേയും കെട്ടിടത്തിന്റെ അടിത്തറയും സ്ലാബുകളുടെ നിർമ്മാണവുമാണ് പൂർത്തിയാക്കിയത്. നിർമ്മാണം നിലച്ചതോടെ സാമൂഹ്യ വിരുദ്ധരുടെ താവളമായി.

...............

# തുക നഷ്ടമാകും

നിർമ്മാണത്തിന് ഇനിയും കാലതാമസം നേരിട്ടാൽ കേന്ദ്രം അനുവദിച്ച ഫണ്ട് നഷ്ടമാകും. അനുവദിച്ച അഞ്ചുകോടി രൂപ പലിശ സഹിതം സംസ്ഥാന ആയുഷ് മന്ത്രാലയം കേന്ദ്രത്തിന് തിരിച്ചടയ്ക്കുകയും വേണം. കളർകോട് പക്കി ജംഗ്ഷനിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി ഇപ്പോൾ തിരുവമ്പാടി ജംഗ്ഷനിൽ കൂടിയ നിരക്കൽ വാടക കൊടുത്ത് പ്രവർത്തനം നടത്തുന്നത്.

............

"പഞ്ചകർമ്മ ആശുപത്രിയുടെ നിർമ്മാണം പൂർത്തികരിക്കുന്നതിന് കാലതമാസം വരുത്തുന്ന കരാർ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ ഗവേണിംഗ് ബോഡി തീരുമാനിച്ചു. നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനെയോ മറ്റ് ഗവ. എജൻസികളെയോ കണ്ടെത്തുന്നതിന് ആരോഗ്യ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

എച്ച്. സലാം എം.എൽ.എ