തുറവൂർ: വളമംഗലത്തെ അനധികൃത പടക്ക നിർമ്മാണ കേന്ദ്രങ്ങളിൽ കുത്തിയതോട് പൊലീസ് നടത്തിയ റെയ്ഡിൽ വൻ പടക്കശേഖരം പിടികൂടി. കേസിൽ അഞ്ച് പേർ അറസ്റ്റിലായി. തുറവൂർ പഞ്ചായത്ത് പത്താം വാർഡ് വളമംഗലം തെക്ക് കിണറ്റുകര വീട്ടിൽ ശശിധരൻ പിള്ള (55), കുത്തപ്പള്ളി പ്രജീഷ് (40), പുല്ലം പ്ലാവിൽ നന്ദകുമാർ (26), 12-ാം വാർഡ് കരോട്ട് വീട്ടിൽ ലാൽജി (54), വട്ടത്തറ അനിൽകുമാർ (54) എന്നിവരെയാണ് ചേർത്തല സി.ഐ.ടി.ബി വിജയന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിഷു വിപണി ലക്ഷ്യമാക്കി സൂക്ഷിച്ചിരുന്ന 5 ലക്ഷം രൂപ വില വരുന്ന 1000 കിലോ ഓലപ്പടക്കങ്ങൾ, 300 കിലോ ഗുണ്ടുകൾ, 400 പായ്ക്കറ്റ് കമ്പിത്തിരികൾ മറ്റ് ശിവകാശി നിർമ്മിത പടക്കങ്ങൾ എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. വരും ദിവസങ്ങളിൽ റെയ്ഡ് ശക്തമാക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കുത്തിയതോട് സി.ഐ.ജെ.പ്രദീപ് അറിയിച്ചു.