
ആലപ്പുഴ: വിവാഹ വാർഷിക ദിനത്തിൽ ഭാര്യയെക്കുറിച്ചുള്ള സംഗീത ആൽബം സമ്മാനമായി നൽകി ഭർത്താവ്. സൗന്ദര്യസംരക്ഷണ ബ്രാൻഡായ അനൂസ് ഹെർബ്സ് സി.ഇ.ഒ അനുവിനാണ് ഭർത്താവും റേഡിയോ ജോക്കിയും കവിയുമായ വളവനാട് വിജയ നിവാസിൽ കണ്ണനുണ്ണി വേറിട്ട സമ്മാനം നൽകിയത്.
സമ്മാനങ്ങളിൽ വ്യത്യസ്തത വേണമെന്ന ആഗ്രഹമാണ് കണ്ണനുണ്ണിയെ സംഗീത ആൽബം ചിട്ടപ്പെടുത്താൻ പ്രേരിപ്പിച്ചത്. 'എൻകരളിൽ കുറിതൊട്ട കൂട്ടുകാരി എൻമനം നിറയിച്ച സ്നേഹമായ് നീ'... എന്നു തുടങ്ങുന്ന കവിത മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് കണ്ണനുണ്ണി രചിച്ചത്. ദാമ്പത്യ ജീവിതത്തിന്റെ ആറാം വാർഷികത്തിൽ ഇതേ കവിത സംഗീതം നൽകി ആലപിച്ച് ഭാര്യക്ക് സമ്മാനിക്കുകയായിരുന്നു. വളവനാട് സ്വദേശിയും പ്ലസ് വൺ വിദ്യാർത്ഥിയുമായ ശ്രീശങ്കറാണ് ഓർക്കസ്ട്ര ഒരുക്കിയത്. ശ്രീശങ്കറിന്റെ വീട്ടിലെ കൊച്ചു സ്റ്റുഡിയോയിലാണ് ഗാനം ചിട്ടപ്പെടുത്തിയത്. ഐ ഫോണിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ഫോണിൽ തന്നെയാണ് എഡിറ്റ് ചെയ്തതും. തന്നോടുള്ള സ്നേഹം ഗാനമായി പങ്കുവെച്ചത് തികച്ചും അപ്രതീക്ഷിത സമ്മാനമായിരുന്നുവെന്ന് അനു പറഞ്ഞു. എൽ.കെ.ജി വിദ്യാർത്ഥി അപ്പുണ്ണിയാണ് ഈ ദമ്പതികളുടെ ഏകമകൻ. കണ്ണനുണ്ണിയുടെ കവിതകൾ എന്ന പേരിൽ 2016ൽ കണ്ണനുണ്ണി കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.