ചേർത്തല: അവശ്യ മരുന്നുകളുടെ വിലവർദ്ധിപ്പിക്കാനായി ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി അനുമതി നൽകിയ നടപടി പാവപ്പെട്ടവരുടെ ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്നും സീനിയർ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പാരാസിറ്റാമോൾ മുതൽ ജീവിത ശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ ഉൾപ്പെടെ സാധാരണ ജനങ്ങൾക്ക് എപ്പോഴും ഉപയോഗിക്കേണ്ട 900 ത്തോളം അടിസ്ഥാന മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വിലകൂടുന്നത് ജനങ്ങളുടെ ചികിത്സ മുടങ്ങാനും വലിയ സാമൂഹ്യ പ്രശ്നമാകാനും ഇടയുണ്ട്. തുച്ഛമായ വരുമാനത്തിൽ നിന്നും സാമൂഹ്യ പെൻഷനിൽ നിന്നുമൊക്കെ മരുന്നു വാങ്ങികൊണ്ടിരിക്കുന്ന പാവപ്പെട്ട രോഗികൾ ആശങ്കയിലാണ്. രോഗാവസ്ഥ സാധാരണക്കാരുടെ വരുമാനം ഇല്ലാതാക്കുമ്പോൾ മരുന്നുകൾ സൗജന്യമായി നൽകുകയാണ് വേണ്ടതെന്നും കേന്ദ്രസർക്കാർ അടിയന്തിരമായി ഇടപെട്ട് വിലവർദ്ധനവ് ഒഴിവാക്കണമെന്നും സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സാജു കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.കെ. പ്രേമാനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു.