തുറവൂർ : സമസ്ത മേഖലകൾക്കും പ്രാധാന്യം നൽകി നിരവധി വികസന പദ്ധതികൾ വിഭാവനം ചെയ്യുന്ന പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് എം.കെ.ജയപാൽ അവതരിപ്പിച്ചു. 39.21 കോടി രൂപ വരവും 39.05 കോടി രൂപ ചെലവും 16 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. വിശപ്പുരഹിത പഞ്ചായത്ത് എന്ന ആശയം മുൻനിറുത്തി പകൽവീട് കേന്ദ്രീകരിച്ചു 3 നേരം 100 പേർക്ക് വീതം ഭക്ഷണം വിതരണം ചെയ്യുവാനും ലൈഫ് സമ്പൂർണ്ണ ഭവന പദ്ധതിയിലുൾപ്പെടുത്തി 16 കുടുംബങ്ങൾക്ക് സ്ഥലവും വീടും നൽകുവാനും സമ്പൂർണ ശുചിത്വ പഞ്ചായത്ത് ആകുവാനും ബഡ്ജറ്റ് ലക്ഷ്യമിടുന്നു. ലൈഫ് ഭവന പദ്ധതി - 3 കോടി, തൊഴിലുറപ്പ് പദ്ധതി - 13.74 കോടി , പുതിയ റോഡ് നിർമ്മാണം - 1.6 കോടി, റോഡ് പുനരുദ്ധാരണം -78 ലക്ഷം, സെപ്റ്റിക്ക് ടാങ്ക് പൂർത്തീകരണം - 19 ലക്ഷം, ശ്മശാനത്തിന് സ്ഥലം വാങ്ങി കെട്ടിടം നിർമ്മാണം - 50 ലക്ഷം, വെള്ളക്കെട്ട് നിർമ്മാർജ്ജനം - 19 ലക്ഷം, മാർക്കറ്റിന് സ്ഥലം വാങ്ങൽ - 10 ലക്ഷം, സോളാർ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ - 15 ലക്ഷം, പകൽ വീടിന് വാഹനം വാങ്ങൽ - 10 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തി, അതി ദരിദ്രർക്കുള്ള ധനസഹായം പദ്ധതിയിൽ 700 കുടുംബങ്ങൾക്ക് 35000 രൂപ വീതം നൽകുന്നതിന് 40 ലക്ഷം രൂപയും മാലിന്യ നിക്ഷേപം തടയാൻ വഴിയോര നിരീക്ഷണ കാമറ സ്ഥാപിക്കുന്നതിന് 5 ലക്ഷം രൂപയും അന്ധകാരനഴി ബീച്ച് നവീകരണത്തിന് 5 ലക്ഷം രൂപയും നീക്കി വച്ചു .ജപ്പാൻ കുടിവെള്ളം വീടുകളിൽ ശേഖരിച്ചു വയ്ക്കാൻ ബി.പി.എൽ കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം, മാലിന്യ ശേഖരണത്തിന് ബയോ ബിൻ വിതരണം, യാത്രക്കാർക്ക് ടേക് ബ്രേക്ക് വിശ്രമ സൗകര്യം, നെൽ കൃഷി പ്രോത്സാഹനത്തിന് പദ്ധതി തുടങ്ങിയവ നടപ്പാക്കും. ബഡ്ജറ്റ് അവതരണ യോഗത്തിൽ പ്രസിഡന്റ്സുജിതാ ദിലീപ് അദ്ധ്യക്ഷത വഹിച്ചു.