photo

കുറ്റവാളികളെ തിരിച്ചറിയൽ ചട്ടഭേദഗതി എന്തുകൊണ്ടും കാലത്തിന് അനുസൃതമായ മാറ്റമാണ്. കുറ്റകൃത്യങ്ങളുടെ സ്വഭാവം മാറുന്ന മുറയ്‌ക്ക് അന്വേഷണരീതികളിലും മാറ്റം അനിവാര്യമാണ്. പഴഞ്ചൻ ചട്ടങ്ങൾ മൂലമാണ് പല കേസുകളിലും പ്രതികൾ രക്ഷപ്പെടുന്നത്. ചില കേസുകളിൽ പ്രതികളെ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കാൻ മണിക്കൂറുകൾ നീണ്ട വാദപ്രതിവാദങ്ങൾ വിവിധ കോടതികളിൽ അരങ്ങേറിയിട്ടുണ്ട്. ഇതിനായി എടുക്കുന്ന സമയം കേസിന്റെ വിചാരണയെ അനന്തമായി നീട്ടിയ ചരിത്രവും സംസ്ഥാനത്തെ നിരവധി കേസുകളിലുണ്ട്. സ്ഥിരം കുറ്റവാളികളുടെ മുഴുവൻ വിവരങ്ങളും ഒരു വിരൽത്തുമ്പിൽ ലഭിക്കുന്നതും തെളിവുകളുടെ അഭാവം മൂലം മുന്നോട്ടു പോകാത്ത അന്വേഷണങ്ങളുടെ ഗതി മാറ്റുന്നതുമാണ് ക്രിമിനൽ ചട്ട ഭേദഗതി.

അറസ്‌റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും രക്തസാമ്പിൾ, ബയോമെട്രിക് രേഖകൾ എന്നിവയടക്കം ശേഖരിക്കാൻ പൊലീസിന് അധികാരം നൽകുന്നതാണ് ബിൽ. 192 വർഷം പഴക്കമുള്ള 'ദി ഐഡന്റിഫിക്കേഷൻ ഒഫ് പ്രിസണേഴ്സ്' ആക്ടിലെ വ്യവസ്ഥകളെ ഭേദഗതി ചെയ്യുന്നതാണ് കുറ്റവാളി തിരിച്ചറിയൽചട്ട ബിൽ. ഒരു വർഷത്തിലധികം ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ അറസ്‌റ്റിലാകുന്നവരുടെയും ശിക്ഷിക്കപ്പെടുന്നവരുടെയും വിരലടയാളം, കൈ, കാൽ മുദ്രകൾ, ഫോട്ടോ എന്നിവ ശേഖരിക്കാനാണ് നിലവിൽ പൊലീസിന് അധികാരമുള്ളത്. ഇവയ്‌ക്ക് പുറമേ രക്ത, മൂത്ര സാമ്പിളുകൾ, കണ്ണിന്റെ കൃഷ്‌ണമണി അട‌ക്കമുള്ള ബയോമെട്രിക് രേഖകൾ, ശാരീരിക അളവുകൾ എന്നിവ ശേഖരിക്കാനും ഇവ 75 വർഷം വരെ സൂക്ഷിക്കാനും പുതിയ നിയമം വരുന്നതോടെ പൊലീസിന് സാധിക്കും. ആളുകളുടെ സ്വഭാവ സവിശേഷത, കൈയക്ഷരം എന്നിവയും രേഖപ്പെടുത്താം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ അറസ്‌റ്റിലാകുന്നവർ, ഏഴു വർഷത്തിലധികം ശിക്ഷിക്കപ്പെടുന്നവർ എന്നിവർ നിർബന്ധമായും സാമ്പിൾ നൽകണം. അല്ലാത്തവർക്ക് സാമ്പിൾ നൽകുന്നതിൽ വിസമ്മതം അറിയിക്കാമെങ്കിലും മജിസ്ട്രേറ്റിന്റെ അനുമതിയോടെ പൊലീസിന് വിവരം ശേഖരിക്കാൻ കഴിയും. നിയമമാകുന്നതോടെ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് കുറ്റവാളികളുടെയും കുറ്റാരാേപിതരുടെയും ശാരീരിക - ജൈവ തെളിവുകൾ ശേഖരിക്കാം.

അന്വേഷണസംഘങ്ങളുടെ നീക്കങ്ങൾക്കും കോടതികളിൽ കേസിന്റെ വിചാരണകൾക്കും വേഗം നൽകുന്നതാണ് ചട്ടഭേദഗതി. വളരെ നേരത്തെ ഭേദഗതി വേണ്ടിയിരുന്നു എന്നതിൽ തർക്കമില്ല. ഏതൊരു ബില്ലും കൊണ്ടുവരുമ്പോഴുമുള്ള തർക്കങ്ങൾ ഇക്കാര്യത്തിലുമുണ്ട്. അവ വിശദമായ ചർച്ചകളിലൂടെ പരിഹരിക്കുകയും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയും വേണം. സാങ്കേതികവിദ്യ കുതിച്ചുയർന്ന ഇക്കാലത്ത് കുറ്റവാളികളും ഹൈടെക്കാണ്. അതിനാൽ തെളിവ് ശേഖരണം ഉൾപ്പെടെയുള്ള അന്വേഷണരീതികളിലും കാലോചിതമായ മാറ്റം കൂടിയേ തീരൂ.

ശേഖരിക്കുന്ന സാമ്പിളുകളുടെ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോ സൂക്ഷിക്കും. പൊലീസ് സാമ്പിളുകൾ കൃത്യമായി ക്രൈം റെക്കാഡ്സ് ബ്യൂറോയ്‌ക്ക് കൈമാറണം. കോടതി കുറ്റവിമുക്തരാക്കുന്നവരുടെ സാമ്പിളുകൾ നശിപ്പിക്കും. എന്നാൽ, മജിസ്‌ട്രേട്ടിന്റെ അനുമതി ലഭിച്ചാൽ തുടർന്നും സാമ്പിളുകൾ സൂക്ഷിക്കാൻ കഴിയും. സൂക്ഷ്‌മ വ്യക്തി വിവരങ്ങൾ ശേഖരിക്കുന്നത് ഭാവിയിലെ അന്വേഷണങ്ങൾക്ക് ഉപകരിക്കുമെന്നതിൽ തർക്കമില്ല. ജയിലിലുള്ളവരുടെ സാമ്പിളുകളെടുക്കാൻ ജയിൽ ഒാഫീസർമാർക്കാണ് അധികാരം. വിദേശ രാജ്യങ്ങളിലേതു പോലെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. ബയോളജിക്കൽ സാമ്പിൾസ് ആൻഡ് അനാലിസിസ് എന്ന വ്യവസ്ഥ നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിംഗ് എന്നിവയ്‌ക്ക് അവസരമൊരുക്കുമെന്നും ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും എതിർവാദമുണ്ട്.

സാമ്പിൾ നൽകണമെന്ന് ഏത് കുറ്റത്തിനും പിടിയിലാകുന്ന വ്യക്തിയോട് മജിസ്‌ട്രേട്ടിന് ആവശ്യപ്പെടാം. എതിർക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമം 186 ാം വകുപ്പ് പ്രകാരം കുറ്റകരമായിരിക്കും. സമരം ചെയ്യുമ്പോൾ അറസ്‌റ്റിലാകുന്നവരുടെ കാര്യത്തിലും സാമ്പിൾ ശേഖരണം ബാധകമാണ്. മതിയായ തെളിവുകൾ ശേഖരിച്ച് കേസ് തെളിയിക്കുന്നത് എളുപ്പമാക്കാൻ അന്വേഷണ ഏജൻസികളെ സഹായിക്കുന്ന വിധം വ്യവസ്ഥകൾ വിപുലപ്പെടുത്തേണ്ടതുണ്ട്. തുടർച്ചയായി കേസുകൾ ഉൾപ്പെടുന്നവരെ വളരെ വേഗത്തിൽ പിടികൂടാനും ഇത്തരം കുറ്റകൃത്യങ്ങളെ കുറയ്‌ക്കാനും പുതിയ ഭേദഗതിയിലൂടെ സാധിക്കും. കൊടുംകുറ്റവാളിയായ റിപ്പർ ജയാനന്ദൻ നിരവധി കൊലക്കേസുകളിൽ പ്രതിയായിരുന്നു. പലതിലും വർഷങ്ങൾക്ക് ശേഷമാണ് പിടിയിലായത്. ഇത്തരം പ്രതികളുടെ ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നതോടെ പ്രതികളെ പിടികൂടാനുള്ള കാലതാമസവും ഒഴിവാകും. ഡി.എൻ.എ പോലെയുള്ള ശാസ്‌ത്രീയ തെളിവുകൾ കോടതികളിൽ നിർണായക തെളിവുകളാകുമ്പോൾ വ്യക്തികളുടെ സൂക്ഷ്‌മ വിവരങ്ങളുടെ ശേഖരണവും എതിർക്കപ്പെടേണ്ടതില്ല.

കുറ്റകൃത്യങ്ങളിൽ ശാസ്ത്രീയ തെളിവു ശേഖരണത്തിന് ബംഗളൂരു പൊലീസിൽ പ്രത്യേക വിഭാഗം തന്നെ രൂപീകരിച്ചിട്ടുണ്ട്. സീൻ ഒഫ് ക്രൈം ഓഫീസർ എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥൻ സംഭവസ്ഥലത്ത് നേരിട്ടെത്തി പ്രധാനപ്പെട്ട കേസുകളിൽ ശാസ്‌ത്രീയമായി തെളിവുകൾ ശേഖരിക്കും. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പരിഷ്‌‌കാരം.

സാധാരണ ഫോറൻസിക് ലാബിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് തെളിവ് ശേഖരണം നടത്തുന്നത്. ഇവർ എത്താൻ വൈകുന്നത് പലപ്പോഴും പ്രശ്‌നങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയാണ് സീൻ ഒഫ് ക്രൈം ഓഫീസറെ നിയമിക്കുന്നത്. ആദ്യ ഘട്ടത്തിൽ 300 ഉദ്യോഗസ്ഥരെ നിയോഗിക്കാനുള്ള നീക്കത്തിലാണ് കർണാടക സർക്കാർ. രാജ്യത്ത് ഓരോ സംസ്ഥാനത്തും കുറ്റാന്വേഷണങ്ങൾക്ക് വേഗവും കാര്യക്ഷമതയും ഉറപ്പാക്കാൻ നിരവധി മാർഗങ്ങൾ സ്വീകരിക്കുന്നത് നല്ല കാര്യമാണ്.

ലോകത്തിലെ ഏറ്റവും വലിയ 'ഫേസ് റെക്കഗ്‌നിഷൻ' സാങ്കേതിക വിദ്യ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളും രാജ്യം തുടങ്ങിയിരുന്നു. കുറ്റവാളി എന്ന് സംശയിക്കപ്പെടുന്ന ഒരാളെ അതിവേഗം ഈ സാങ്കേതിക വിദ്യയിലൂടെ തിരിച്ചറിയാൻ സാധിക്കുമെന്നതാണ് പ്രത്യേകത. വിവരശേഖരണം, ഭീഷണി ഉയർത്തുന്ന കുറ്റവാളികളെ തിരിച്ചറിയൽ, അത് ഉറപ്പാക്കൽ, കൃത്യമായ പരിശോധന എന്നിവയാണ് ഇന്ത്യയുടെ ഈ ആട്ടോമേറ്റഡ് ഫേഷ്യൽ റെക്കഗ്‌നിഷൻ സാങ്കേതിക വിദ്യയുടെ ലക്ഷ്യം. പദ്ധതിക്കായി ലോകമെമ്പാടുമുള്ള ഐ.ടി കമ്പനികളിൽ നിന്ന് ദേശീയ ക്രൈം റെക്കാഡ്‌സ് ബ്യൂറോ പ്രൊപ്പോസലുകൾ ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തെ നിയമപാലക സംവിധാനങ്ങൾക്ക് ഉപയോഗപ്പെടുത്താനാകുന്ന രീതിയിൽ കേന്ദ്രീകൃതമായ ഡേറ്റാബേസ് സംവിധാനത്തിന് രൂപം നൽകാനാണ് ദേശീയ ക്രൈം റെക്കാഡ്‌സ് ബ്യൂറോ ആലോചിക്കുന്നത്.

സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ ഉപയോഗപ്പെടുത്തി ക്രിമിനലുകളുടെ വിവിധതരം ഫോട്ടോകളും വിവരങ്ങളുമായി ഒത്തുനോക്കുകയാണ് ഈ സംവിധാനം ചെയ്യുക. ഇതനുസരിച്ച് അവരെ കുറ്റവാളികളെന്ന് കണ്ടെത്തിയാൽ പിടികൂടുകയും ചെയ്യും. കുറ്റവാളികളെ മാത്രമല്ല കാണാതായവരെയും മൃതദേഹങ്ങളെയും ഈ സാങ്കേതിക വിദ്യയ്ക്ക് തിരിച്ചറിയാൻ സാധിക്കും. ഒരു കുറ്റവാളി കുറ്റം ചെയ്യുന്ന 'പാറ്റേൺ' അനുസരിച്ച് അയാളെ കുറ്റം ചെയ്യുന്നതിൽ നിന്ന് തടയാനും ആട്ടോമേറ്റഡ് ഫേഷ്യൽ റെക്കഗ്‌നിഷന് സാധിക്കും. കുറ്റകൃത്യങ്ങളുടെ രൂപത്തിലും ഭാവത്തിലും ഉൾക്കൊള്ളാനാവാത്ത വിധം മാറ്റമുണ്ടാകുന്ന ആധുനിക കാലത്ത് കേസ് തെളിയിക്കാൻ പഴയ പൊലീസ് മുറകൾ ഒരിക്കലും പര്യാപ്‌തമല്ല. മിക്ക കേസുകളിലും ഈ തിരിച്ചറിവ് അന്വേഷണ ഉദ്യോഗസ്ഥർക്ക് തന്നെ ഉണ്ടായിട്ടുണ്ട്. അതിനാൽ മാറ്റങ്ങൾ അനിവാര്യമാണ്. ഒരാളുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്ന വിധത്തിലാകരുതെന്ന് മാത്രം.