s

ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി 336 മീറ്ററിൽ സ്ഥാപിച്ച പൈപ്പിലെ ടെസ്റ്റ് പമ്പിംഗ് ഇന്ന് നടക്കും. 1524 മീറ്റർ നീളത്തിലെ ഗുണനിലവാരം കുറഞ്ഞ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനായി അമ്പലപ്പുഴ -തിരുവല്ല സംസ്ഥാനപാതയിൽ റോഡ് പൊളിക്കാൻ പദ്ധതിയുടെ നടത്തിപ്പ് ഏജൻസിയായ യൂഡിസ്മാറ്റ് അധികൃതർക്ക് അനുമതി ലഭിച്ചിരുന്നു. 336 മീറ്ററിൽ 50 പൈപ്പുകളാണ് മാറ്റിസ്ഥാപിച്ചിട്ടുള്ളത്. ടെസ്റ്റ് പമ്പിംഗ് വിജയകരമായാൽ ഇത്രയും ഭാഗത്തെ പൈപ്പ് നിലവിലുള്ള വിതരണ കുഴലുമായി ഇന്റർ കണക്ട് ചെയ്യുന്ന ജോലികൾ ആരംഭിക്കും. ഈ ജോലികൾ നടക്കുന്ന രണ്ട് ദിവസം നഗരത്തിൽ കുടിവെള്ളം മുടങ്ങും.

വേനൽ കടുത്തതോടെ ജില്ലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. മൂന്ന് വർഷത്തിനിടെ 69 തവണയാണ് തകഴി ഭാഗത്ത് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. പദ്ധതിയിലെ പൈപ്പിൽ അടിക്കടിയുണ്ടാകുന്ന പൊട്ടലാണ് ആലപ്പുഴ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിന് കാരണം.

ചിലവായത് 4.5കോടി

ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും തകരാർ പരിഹരിച്ച് കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാൻ ജി.എസ്.ടി ഉൾപ്പെടെ എട്ട് ലക്ഷംരൂപയോളം ചിലവാകും. ഇതുവരെ നാലരക്കോടിയിലധികം രൂപ ഈ ഇനത്തിൽ ജലഅതോറിട്ടിക്ക് ചിലവായി. അടിക്കടി പൈപ്പ് പൊട്ടുന്നതുമൂലം ആലപ്പുഴ നഗരത്തിലും സമീപത്തെ പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങുന്നത് പതിവായ സാഹചര്യത്തിലാണ് 1,524 മീറ്റർ പൈപ്പ് മാറ്റാൻ തീരുമാനിച്ചത്. ഒരുമീറ്റർ വ്യാസമുള്ള എം.എസ് പൈപ്പ് 2.5 മീറ്റർ താഴ്ചയിൽ കുഴിയെടുത്താണ് സ്ഥാപിക്കുന്നത്.

കുട്ടനാട്ടിൽ ശരണം ടാങ്കർ വെള്ളം

ജലഅതോറിട്ടിയുടെ കുടിവെളളവിതരണം കുറവുള്ള കുട്ടനാടിന്റെ വിവിധ പഞ്ചായത്തുകളിൽ സ്വകാര്യ ടാങ്കുകളിൽ വെള്ളം കൊണ്ടുവന്ന് വിൽക്കുന്നത് വർദ്ധിച്ചിട്ടുണ്ട്. നീലംപേരൂർ,കാവാലം,പുളിങ്കുന്ന് പഞ്ചായത്തുകളിൽ നിരവധി വാഹനങ്ങൾ ടാങ്കുകളിൽ വെളളം ഇത്തരത്തിൽ വിറ്റഴിക്കുന്നു. കാവാലം,നീലംപേരൂർ പഞ്ചായത്തുകളിൽ ഒരു ലിറ്ററിന് 80-90 പൈസ നിരക്കിലാണ് ഈടാക്കുന്നതെങ്കിൽ ജങ്കാർ കടന്നെത്തുന്ന പുളിങ്കുന്ന് പഞ്ചായത്തിൽ വിറ്റഴിക്കുന്നത് ലിറ്ററിന് ഒരു രൂപയ്ക്കാണ്. കോട്ടയം ജില്ലയിലെ തുരുത്തി,വാഴപ്പളളി,കുറിച്ചി,മലകുന്നം,ചിങ്ങവനം,പാത്താമുട്ടം തുടങ്ങിയ ഭാഗങ്ങളിലെ കിണറുകളിൽ നിന്ന് ശേഖരിക്കുന്ന വെളളമാണ് വാഹനങ്ങളിൽ കൊണ്ടുവന്ന് വിൽക്കുന്നത്.

"ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ ഗുണനിലവാരം കുറഞ്ഞ 1524 മീറ്റർ പൈപ്പ് മാറ്റിയിടുന്ന ജോലികൾ റീച്ച് അടിസ്ഥാനത്തിൽ ആരംഭിച്ചു. 336 മീറ്റർ നീളത്തിൽ 50 പൈപ്പുകൾ ഇതിനോടകം സ്ഥാപിച്ചു. പരീക്ഷണ പമ്പിംഗ് വിജയകരമായാൽ അടുത്ത ദിവസം ഇന്റർ കണക്ട് ചെയ്യും.

- ജയരാജ്, പ്രോജക്ട് മാനേജർ, യൂഡിസ്മാറ്റ്