s

ആലപ്പുഴ: പണിമുടക്ക് പെട്രോൾ പമ്പുകളെ ബാധിക്കില്ലെന്ന് വിശ്വസിച്ച് ഇന്ധനത്തിന്റെ കരുതൽ ശേഖരം നടത്താതിരുന്നവർക്ക് കിട്ടിയത് എട്ടിന്റെ പണി. പണിമുടക്കിന് തലേ ദിവസം ഉച്ച മുതൽ പെട്രോൾ പമ്പുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. അന്ന് ഇന്ധനം അടിക്കാതെ മടങ്ങിയവർ അടുത്ത രണ്ട് ദിവസങ്ങളിലും വാഹനമെടുക്കാൻ നിർവാഹമില്ലാതെ വലഞ്ഞു. ജില്ലയിലെ ഭൂരിഭാഗം പമ്പുകളുടെയും പ്രവേശനകവാടം കയർ കെട്ടി ബന്ധിച്ചിരുന്നിട്ടും നിരവധി പേരാണ് കുപ്പികളും കന്നാസുകളുമായി ഇന്ധനം തേടി ഇവിടേക്കെത്തിയത്. നിരാശയോടെ മടങ്ങാനേ ഇവർക്ക് കഴിഞ്ഞുള്ളൂ.

ആശുപത്രികളിലേക്ക് പോയവർ, പണിമുടക്ക് ബാധിക്കാതിരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർ, വിവിധ ആവശ്യങ്ങൾക്ക് മറ്റ് ജില്ലകളിലേക്ക് പോകേണ്ടി വന്നവർ തുടങ്ങിയവരാണ് വലഞ്ഞത്. പണിമുടക്കിന്റെ ആദ്യ ദിനത്തിൽ പാതിരപ്പള്ളി ഭാഗത്തെ പമ്പും സപ്ലൈക്കോയുടെ പമ്പും കുറച്ചു മണിക്കൂറുകൾ തുറന്ന് പ്രവർത്തിച്ചെങ്കിലും പിന്നീട് അടക്കുകയായിരുന്നു.

മാറ്റിവയ്ക്കാനാവാത്ത ദീർഘദൂരയാത്രയ്ക്ക് ഇറങ്ങിയവർക്ക് വലിയ തലവേദനയാണ് പണിമുടക്കുണ്ടാക്കിയത്. ഇന്ധനം നൽകിയാൽ സമരക്കാർ ഉപദ്രവിക്കുമെന്ന് ഭയന്ന് ഉടമകൾ പിൻമാറുകയായിരുന്നു

- രാജീവ് ഷേണായി, ആലപ്പുഴ