
ആലപ്പുഴ : ദ്വിദിന പണിമുടക്കിന്റെ രണ്ടാം ദിനത്തിൽ ജില്ലയിൽ സമരത്തോട് സമ്മിശ്ര പ്രതികരണം. ജില്ലയിൽ ചിലയിടങ്ങളിൽ വ്യാപാരികൾ കടകൾ തുറന്ന് പ്രവർത്തിച്ചു. കടയടപ്പിക്കാൻ സമരക്കാരെത്തിയെങ്കിലും വ്യാപാരികൾ ഒറ്റക്കെട്ടായി നിന്നതോടെ, പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടു. ബേക്കറികൾ, സ്റ്റേഷനറി കടകൾ, ഇലക്ട്രോണിക് ഷോപ്പുകൾ, പഴം- പച്ചക്കറി കടകൾ തുടങ്ങിയവയാണ് തുറന്നവയിലധികവും. . ഏതാനും ഹോട്ടലുകൾ ഉച്ചഭക്ഷണ സമയത്ത് തുറന്ന് പ്രവർത്തിച്ചു. പാഴ്സൽ കച്ചവടമാണ് പ്രധാനമായും നടന്നത്. മത്സ്യ - മാംസ വിപണന കേന്ദ്രങ്ങൾ രാവിലെ മുതൽ മുടക്കമില്ലാതെ പ്രവർത്തിച്ചു. ആദ്യദിവസം പണിമുടക്കിനോട് പൂർണമായും സഹകരിച്ചെങ്കിലും, സാധനങ്ങൾ നശിച്ചു പോകുമെന്ന ഭയത്താലാണ് രണ്ടാം ദിനത്തിൽ പ്രവർത്തിച്ചതെന്ന് പച്ചക്കറി വ്യാപാരികൾ പറഞ്ഞു.
തിയേറ്ററുകളിൽ ഫസ്റ്റ് ഷോ
ജില്ലയിൽ തിയേറ്ററുകൾ ഫസ്റ്റ് ഷോയോടെ പ്രവർത്തനമാരംഭിച്ചു. തുടർച്ചയായ അവധി ദിവസങ്ങൾ നേരിട്ടതിനാൽ പലരും കുടുംബസമേതം സിനിമയ്ക്കെത്താൻ നേരത്തെ ഓൺലൈൻ ബുക്കിംഗ് നടത്തിയിരുന്നു.
9 സർവീസുകളുമായി കെ.എസ്.ആർ.ടി.സി,
ബോട്ടുകൾ അനങ്ങിയില്ല
ജില്ലയിൽ ഇന്നലെ കെ.എസ്.ആർ.ടി.സി ആകെ 9 സർവീസുകൾ നടത്തി. എറണാകുളം, കായംകുളം, തിരുവല്ല ഭാഗങ്ങളിലേക്കുള്ള ഫാസ്റ്റ് ബസുകളാണ് ആലപ്പുഴ ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്തത്. അതത് ഡിപ്പോകൾ അവരവരുടെ സമീപ പ്രദേശങ്ങളിലേക്കും സർവീസുകളയച്ചു. മുഖ്യമായും സർക്കാർ ജീവനക്കാരെ ലക്ഷ്യമാക്കിയായിരുന്നു സർവീസ് നടത്തിയത്. അതേ സമയം ജീവനക്കാരെത്താത്തതിനാൽ ജലഗതാഗത വകുപ്പിന്റെ ഒരു ബോട്ട് പോലും സർവീസിനിറങ്ങിയില്ല. സ്വകാര്യ ബസുകളും ഓട്ടോ -ടാക്സികളും നിരത്തിലിറങ്ങിയില്ല.
ഹാജരില്ലാതെ സർക്കാർ ഓഫീസുകൾ
ജില്ലയിലെ ഭൂരിഭാഗം സർക്കാർ ഓഫീസുകളിലും ഹാജർനില ഇന്നലെയും താഴ്ന്നുനിന്നു. രാവിലെ കളക്ടറേറ്റിലെത്തിയ ജീവനക്കാരെ സമരക്കാരിടപെട്ട് തിരിച്ചയച്ചു. ദുരന്ത നിവാരണ സേനാ വിഭാഗം പൂർണമായും പ്രവർത്തിച്ചിരുന്നു. കണ്ടല്ലൂർ വില്ലേജ് ഓഫീസിൽ രണ്ട് ജീവനക്കാരും, ചെങ്ങന്നൂർ താലൂക്ക് ഓഫീസിൽ ഒരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനും ഹാജരായതായാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ച റിപ്പോർട്ട്.