ആലപ്പുഴ: ആലപ്പുഴ നഗരസഭാ ബഡ്ജറ്റ് ഇന്ന് രാവിലെ 11ന് നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അവതരിപ്പിക്കും. ആരോഗ്യ, ശുചിത്വ, കൃഷി മേഖലകൾക്ക് ഊന്നൽ നൽകുന്നതും സ്ത്രീ സൗഹൃദവുമായ ബഡ്ജറ്റാവും നഗരത്തിനു വേണ്ടി അവതരിപ്പിക്കുക. കഴിഞ്ഞ ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായ 'അഴകോടെ ആലപ്പുഴ' കാമ്പയിന്റെ മുന്നോട്ടുള്ള നടത്തിപ്പടക്കം പ്രഖ്യാപനങ്ങളിൽ ഇടം പിടിച്ചേക്കും. നഗരത്തിലെ പ്രധാന വിഷയങ്ങളിലൊന്നായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം, വനിതകൾക്ക് കൂടുതൽ തൊഴിലവസരം, കായിക മേഖലയുടെ വികസനം, പൈതൃക പദ്ധതി വ്യാപകമാക്കൽ തുടങ്ങിയവ ബഡ്ജറ്റിൽ ഇടം പിടിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രഖ്യാപനങ്ങൾ പാലിച്ചോ?
ഭരണസമിതിയുടെ ആദ്യ ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ പോലും പാലിക്കപ്പെട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വാർഡുകളിലെ റോഡ് നിർമ്മാണം പൂർത്തീകരിക്കുകയോ,പൂർത്തിയായ റോഡുകളുടെ ബില്ല് പാസാക്കുന്നതോ കൃത്യമായി നടക്കുന്നില്ലെന്നാണ് പ്രധാന പരാതി. ഇത് മൂലം പുതിയ വർക്ക് ഏറ്റെടുക്കാൻ കോൺട്രാക്ടർമാർ മുന്നോട്ട് വരുന്നില്ല. കഴിഞ്ഞ ബഡ്ജറ്റിൽ ഒരു വാർഡിലെ പ്രവൃത്തികൾക്ക് 15 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഇത് പിന്നീട് 10 ലക്ഷവും, തുടർന്ന് 8 ലക്ഷം രൂപയുമായി ചുരുക്കി.
പാലിക്കപ്പെടാത്ത പ്രഖ്യാപനങ്ങൾ
വർക്ക് നിയർ ഹോം സെന്ററുകൾ
പ്രവാസി പുനരധിവാസം
നഗരത്തിൽ വ്യാപകമായി സി.സി ടി. കാമറകൾ
ഡബിൾ ചേമ്പർ ഇൻസിറനേറ്റർ
ഭവന സമുച്ചയ നിർമ്മാണത്തിന് ഭൂമി വാങ്ങൽ
ജനോപകാരപ്രദവും, വികസാധിഷ്ഠിതവുമായ ബഡ്ജറ്റാകും അവതരിപ്പിക്കുക
-പി.എസ്.എം ഹുസൈൻ, നഗരസഭാ വൈസ് ചെയർമാൻ
കഴിഞ്ഞ ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളൊന്നും പാലിച്ചിട്ടില്ല. സംസ്ഥാന ഭരണം കൈയിലുണ്ടായിട്ടും ആനുകൂല്യങ്ങൾ വാങ്ങിയെടുക്കാൻ ഭരണസമിതിക്ക് സാധിച്ചിട്ടില്ല
- റീഗോ രാജു, കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ