അമ്പലപ്പുഴ: മത്സ്യത്തൊഴിലാളി ക്ഷേമനിധി ജീവനക്കാർ ഭീഷണിപ്പെടുത്തുന്നതായി മത്സ്യത്തൊഴിലാളിയും അംഗപരിമിതനുമായ പുറക്കാട് പഞ്ചായത്ത് പത്താം വാർഡിൽ മാളിക സൗദത്ത് മൻസിലിൽ മുഹമ്മദ് തയ്യിബ് (ഗുരുക്കൾ) മുഖ്യമന്ത്രിക്കും, കളക്ടർക്കും പരാതി നൽകി. 2016-17ൽ മത്സ്യഭവന നിർമ്മാണ പദ്ധതിയിൽ 2 ലക്ഷം രൂപ ഇദ്ദേഹത്തിന് അനുവദിച്ചിരുന്നു. രണ്ടു ഗഡുക്കളായി 50000 രൂപയും, 75000 രൂപയും ലഭിച്ചു. ഈ തുക മുടക്കി 2 സെന്റ് സ്ഥലത്ത് വീടുപണി ആരംഭിച്ചു. ബാക്കി കിട്ടാനുള്ള 75000 രൂപക്കായി നിരവധി തവണ മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫീസിൽ കയറി ഇറങ്ങിയെങ്കിലും തുക അനുവദിച്ചില്ല. സ്വകാര്യ വ്യക്തികളിൽ നിന്നും പലിശയ്ക്ക് പണം എടുത്താണ് വീടുപണി പൂർത്തിയാക്കിയത്. പലിശയും മുതലും കൂടി കടക്കാരുടെ ശല്യം സഹിക്കവയ്യാതെ മുഹമ്മദ് തയ്യിബിന്റെ ഭാര്യ സൗദത്ത് 2020 ഡിസംബർ 22 ന് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. ഭാര്യയുടെ മരണത്തിന് ഉത്തരവാദി ക്ഷേമനിധി ഉദ്യോഗസ്ഥരാണെന്നും ഇവരെ ശിക്ഷിക്കണമെന്നും കാട്ടി പൊലീസിലും, കളക്ടർക്കും പരാതി നൽകി. 2022 മാർച്ച് 22 ന് ക്ഷേമനിധി ഓഫീസിൽ പണം അടക്കാൻ ചെന്നപ്പോൾ ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയെന്ന് മുഹമ്മദ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇടതുകാലിനും കൈയ്ക്കും നട്ടെല്ലിനും വൈകല്യമുള്ളതിനാൽ പുറക്കാട് പഞ്ചായത്ത് നൽകിയ നാലു ചക്രവാഹനത്തിൽ വീടിനോട് ചേർന്ന് ചെറുകിട വ്യാപാരം നടത്തുകയാണ് മുഹമ്മദ് തയ്യിബ്.