
പൂച്ചാക്കൽ: കാൽപ്പന്തുകളിയിലെ പാണാവള്ളി പെരുമയുമായി കുടുംബശ്രീയുടെ ആദ്യ വനിതാ ഫുട്ബാൾ ടീം അണിയറയിൽ തയ്യാറെടുക്കുന്നു. ആലപ്പുഴയിൽ കുടുംബശ്രീ സംഘടിപ്പിച്ച പാതിരാപ്പൂരത്തിൽ, ആദ്യ മത്സരത്തിൽ പങ്കെടുത്താണ് പാണാവള്ളിയിലെ വനിതകൾ കളിക്കളത്തിലിറങ്ങിയത്. യാതൊരു പരിശീലനവും ഇല്ലാതെയായിരുന്നു ആദ്യ മത്സരത്തെ നേരിട്ടത്. സി.ഡി.എസ് ചെയർപേഴ്സൺ എം.പി.സുജിമോൾ, അംഗങ്ങളായ ഷീബ, ലത, രമ്യ പഞ്ചായത്തംഗങ്ങളായ ഹരീഷ്മാവിനോദ്, ശാലിനി, ലക്ഷ്മി ഷാജി എന്നിവരാണ് ഇപ്പോൾ ടീമിൽ ഉള്ളത്. ജില്ലയിലെ ആദ്യത്തെ സെവൻസ് ടീമായ പാണാവള്ളി തളിയാപറമ്പ് ശ്രീനാരായണ ഫുട്ബാൾ ക്ലബ്ബ്, തൃച്ചാറ്റുകുളം റെഡ് സ്റ്റാർ , പുല്ലാറ്റുവെളി ആരോസ് തുടങ്ങി എട്ട് ഫുട്ബാൾ ക്ലബ്ബുകളിൽ നിന്നും കിട്ടിയ പ്രചോദനമാണ് കളിക്കളത്തിൽ ഇറങ്ങാൻ പ്രചോദനമായെതെന്ന് സി.ഡി.എസ്. ചെയർ പേഴ്സണും വനിതാ ടീം ക്യാപ്ടനുമായ സുജിമോൾ പറഞ്ഞു.