ആലപ്പുഴ : പ്രമേഹരോഗികളായ വനിതകളിൽ ക്ഷയരോഗ സാദ്ധ്യത കൂടുതലാണെന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി. ഏപ്രിൽ ആദ്യവാരം വാരണാസിയിൽ നടക്കുന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനത്തിൽ ജനറൽ ആശുപത്രി സൂപ്രണ്ടും പ്രമുഖ ശ്വാസകോശരോഗ വിദഗ്ധനുമായ ഡോ. കെ. വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിക്കും. 2021 മാർച്ച് മുതൽ ആറുമാസക്കാലം എഴുപതോളം രോഗികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ക്ഷയരോഗം നേരത്തെ കണ്ടെത്തുന്ന ട്രൂനാറ്റ് പരിശോധനയിലൂടെ കണ്ടെത്തിയ ഈ പഠനഫലം ' ലംഗ് ഇന്ത്യ' എന്ന ജേർണലിൽ പ്രസിദ്ധീകരിക്കും. ഡോ. വേണുഗോപാലിനെ കൂടാതെ ഡോ. ശ്രീലത ഡോ. രധിൻ, ഡോ.ജലജാമന്നി തുടങ്ങിയവരും പഠന സംഘത്തിലുണ്ടായിരുന്നു. ഡോ.വേണുഗോപാൽ ദേശീയ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന 35ാ മത്തെ പ്രബന്ധമാണിത്.