women-

ആലപ്പുഴ: സ്ത്രീസൗഹൃദ പദ്ധതികൾക്കും, കാർഷിക, ആരോഗ്യ, കായിക പദ്ധതികൾക്കും ഊന്നൽ നൽകുന്ന 256 കോടിരൂപയുടെ ബഡ്ജറ്റ് നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അവതരിപ്പിച്ചു. 256.51 കോടി രൂപ വരവും, 253.32 കോടി ചെലവും, 3.19കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. ചെയർപേഴ്‌സണ്‍ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി നീതുലാൽ, പ്രതിപക്ഷ നേതാവ് റീഗോരാജു, കൗൺസിലർമാരായ എം. ആർ പ്രേം, ഷാനവാസ്, എസ്.രതീഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പ്രഖ്യാപനങ്ങൾ നിറവേറ്റുന്നില്ലെന്നാരോപിച്ച് ബി.ജെ.പി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തില്ല. നടക്കാതെ പോയ പ്രഖ്യാപനങ്ങൾ അക്കമിട്ട് നിരത്തിയ ശേഷം യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷിക്കരിച്ച്, നഗരസഭാ പടിക്കൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.പരമാവധിയിടങ്ങളിൽ സോളാർ പാനലുകൾ,മുല്ലയ്ക്കൽ തെരുവ് പൈതൃക നഗരവീഥിയായി സംരക്ഷണം, അഴകോടെ ആലപ്പുഴ കാമ്പയിൻ, ,പ്രധാന റോഡുകളുടെ ഇരുവശങ്ങളും സൗന്ദര്യവത്ക്കരിക്കും, ബഡ്സ് സ്കൂൾ ആരംഭം,വയോജന ക്ലബ് സൗജന്യ കുടി വെള്ള കണക്ഷൻ , കാലഹരണപ്പട്ട കുടിവള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കും ,പാർപ്പിട പദ്ധതിക്ക് ഊന്നൽ നൽകിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.

സ്ത്രീ സൗഹൃദ ബഡ്ജറ്റ്

സ്ത്രീപദവീപഠനം - 2 ലക്ഷം രൂപ

വ്യായാമകേന്ദ്രങ്ങളും യോഗാക്ലാസും - 20 ലക്ഷം

ഷീ ഓട്ടോ പദ്ധതിയിൽ ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിന് - 50 ലക്ഷം

ഭിന്നശേഷിക്കാരുടെ അമ്മമാർക്ക് സ്വയം തൊഴിൽ പദ്ധതി - 10 ലക്ഷം

സ്വയംതൊഴിൽ കേന്ദ്രം വഴി 100 സ്ത്രീകൾക്ക് തൊഴിൽ - 50 ലക്ഷം

ഭാഷാനൈപുണ്യ ക്ലാസുകളും പി.എസ്.സി പരിശീലനവും - 5 ലക്ഷം

എല്ലാ സ്ഥാപനങ്ങളിലും സ്ത്രീ സുരക്ഷാ കമ്മിറ്റികൾ - 50,000 രൂപ

പൊതുവിദ്യാലയങ്ങളിൽ നാപ്കിൻ ഇൻസിനറേറ്റർ - 25 ലക്ഷം

വിദ്യാർത്ഥിനികൾക്ക് ആയോധനകലാ- കായിക പരിശീലനം - 10 ലക്ഷം

യൂത്ത് ഹോസ്റ്റൽ

തൊഴിൽ തേടി മറ്റ് ജില്ലകളിൽ നിന്ന് വരുന്നവർക്ക് മിതമായ നിരക്കിൽ താമസിക്കാൻ യൂത്ത് ഹോസ്റ്റലുകൾ -₹ 1 കോടി .

ആലപ്പി സൂപ്പർ ലീഗ് കായിക മത്സരങ്ങൾ ..........5 ലക്ഷം രൂപ

കാർഷിക മേഖല

തരിശുനിലങ്ങൾ കൃഷി യോഗ്യമാക്കും - 30 ലക്ഷം

മട്ടുപ്പാവ് കൃഷിയടക്കം പ്രോത്സാഹിപ്പിക്കുന്നതിന് - 50 ലക്ഷം

ഇക്കോ ഷോപ്പുകൾ ആരംഭിക്കും - 2 ലക്ഷം

ബന്തിപ്പൂ കൃഷി - 10 ലക്ഷം

ആരോഗ്യം

ജനറൽ ആശുപത്രി നവീകരണം, വൈദ്യുതി ചെലവ്- 2 കോടി

നിർദ്ധനരായ കാൻസർ രോഗികൾക്ക് യാത്രാസൗകര്യം.

ജനറൽ ആശുപത്രിയിൽ പുതിയ 4 ഡയാലിസിസ് മെഷീനുകൾ- 50 ലക്ഷം

# ആവർത്തന വിരസത

ആധുനിക അറവുശാല (2 കോടി), ആധുനിക മത്സ്യ മാർക്കറ്റ് (3 കോടി), തെരുവുനായ നിയന്ത്രണം, ഹൗസ് ബോട്ട് മാലിന്യ നിയന്ത്രണം, ഹൈമാസ് ലൈറ്റുകൾ, വായനശാല വാതിൽപ്പടിയിൽ, ലൈബ്രറി നവീകരണം തുടങ്ങിയ വിഷയങ്ങൾ ഇത്തവണയും ബഡ്ജറ്റിൽ ഇടം പിടിച്ചു.

.......

''നഗരത്തിന്റെ സമഗ്ര വികസനത്തിനും ഉന്നമനത്തിനും ഉതകുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്.

സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ

''പ്രാദേശിക സാമ്പത്തിക വളർച്ചയുടെ പ്രഭവകേന്ദ്രമായി നഗരസഭയെ വികസിപ്പിക്കുകയെന്നതാണ് പൊതുസമീപനം.

പി.എസ്.എം ഹുസൈൻ, വൈസ് ചെയർമാൻ

''പദ്ധതികൾ പ്രഖ്യാപിച്ച് കളർ പുസ്തകം ഇറക്കുന്നതല്ലാതെ ഒന്നും നടപ്പാക്കുന്നില്ല.

ഹരികൃഷ്ണൻ, ബി.ജെ.പി പാർലമെന്ററി ലീഡർ

''കഴിഞ്ഞ ഒരു വർഷം വാർഡുകളിൽ ഒരു ലൈറ്റ് പോലും സ്ഥാപിക്കാനാവാത്തവരാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്നത്.

റീഗോ രാജു , യു.ഡി.എഫ്, പാർലമെന്ററി പാർട്ടി ലീഡർ