road

ആലപ്പുഴ: ചെളി ചവിട്ടാതെ, തെന്നി വീഴാതെ, റോഡിൽ വള്ളമിറക്കി പ്രതിഷേധിക്കാതെ സുഖമായി യാത്ര ചെയ്യാൻ റോഡൊരുങ്ങി ചുങ്കം - പള്ളാത്തുരുത്തി പാതയിൽ. റോഡ് നന്നാകുന്നതോടെ വർഷങ്ങളുടെ ദുരിതയാത്രക്കാണ് വിരാമമാകുന്നത്. നഗരത്തിൽ തന്നെ ഒരു റോഡിന് അനുവദിക്കപ്പെട്ട ഏറ്റവും കൂടിയ തുകയായ 2.80 കോടി രൂപയുടെ പ്രവൃത്തിയാണ് അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത്. പള്ളാത്തുരുത്തി, തിരുമല വാർഡുകാർക്ക് പുറമേ, കൈനകരി പഞ്ചായത്തിലെ ജനങ്ങൾക്കും നഗരത്തിലെത്താൻ ഈ വഴി ഏറെ ആശ്വാസകരമാകും. ദിനം പ്രതി വന്നുകൊണ്ടിരുന്ന വിനോദ സഞ്ചാരികളടക്കം ചുങ്കം - പള്ളാത്തുരുത്തി പാതയിലൂടെ നടക്കാൻ പോലും സാധിക്കാതെ ബുദ്ധിമുട്ടുന്നത് പ്രദേശത്തിന് വർഷങ്ങളായി നാണക്കേടുണ്ടാക്കിയിരുന്നു. വഴി ഗതാഗത യോഗ്യമല്ലാത്തതിനാൽ സ്കൂൾ കുട്ടികളും അദ്ധ്യാപകരുമടക്കം കടത്ത് വള്ളത്തെയാണ് ആശ്രയിച്ചിരുന്നത്. പല ഭരണസമിതികൾ മാറി മാറി വന്നിട്ടും പ്രശ്ന പരിഹാരമെന്നത് ഇന്നാട്ടുകാർക്ക് സ്വപ്നമായിരുന്നു. ഏറെ നാളായി വിവിധ സമരമുറകളാണ് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം തേടി നാട്ടുകാർ നടത്തിവന്നിരുന്നത്. റോഡ് പൊതുമരാമത്ത് വകുപ്പിന് നഗരസഭ നേരത്തെ കൈമാറിയിരുന്നു. കളർകോട് റിംഗ് റോഡ് ഫേസ് 3 പദ്ധതിയുടെ ഭാഗമായാണ് റോഡ് നിർമിച്ചത്. ആദ്യ ഘട്ട ടാറിംഗ് പൂർത്തിയായി. അടുത്ത മാസം ആദ്യത്തോടെ റോഡ് ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.

.........

''ഒരു പാട് നാളത്തെ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്. നാടിന്റെ ശാപമായി കിടന്ന റോഡിലൂടെ സുഖമായി സഞ്ചരിക്കാൻ സാധിക്കുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

ഷെഫീക്ക്, പ്രദേശവാസി

'' റോഡിന്റെ ആദ്യ ലയർ ടാറിംഗ് പൂർത്തിയായിട്ടുണ്ട്. അടുത്ത ഘട്ടം ഈ ആഴ്ച തന്നെ നടക്കുന്നതോടെ പൂർണമായും ഗതാഗത യോഗ്യമാകും.

ശ്വേത.എസ്.കുമാർ, കൗൺസിലർ, തിരുമല വാർഡ്