
ജില്ലയിൽ മുന്നിൽ മാരാരിക്കുളം
ആലപ്പുഴ: ആരോഗ്യ മേഖലയിലെ മികവുറ്റ പ്രവർത്തനത്തിന് ആലപ്പുഴ ജില്ലാ പഞ്ചായത്തിന് അംഗീകാരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ആർദ്രകേരള പുരസ്കാര നിരയിൽ രണ്ടാമതെത്തിയാണ് സംസ്ഥാനതല നേട്ടം കൈവരിച്ചത്.
ബ്ലോക്ക് പഞ്ചായത്തുകളുടെ വിഭാഗത്തിൽ ആര്യാട് ബ്ലോക്ക് മൂന്നാം സ്ഥാനം നേടി. ജില്ലാ പഞ്ചായത്തിന് അഞ്ചു ലക്ഷം രൂപയും ആര്യാട് ബ്ലോക്ക് പഞ്ചായത്തിന് മൂന്നു ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും.
ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തായി മാരാരിക്കുളം നോർത്ത് ഗ്രാമപഞ്ചായത്ത് (5 ലക്ഷം രൂപ) തിരഞ്ഞെടുക്കപ്പെട്ടു. പത്തിയൂർ (3 ലക്ഷം രൂപ), ആര്യാട് (2 ലക്ഷം രൂപ) പഞ്ചായത്തുകൾക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ.
ആരോഗ്യ മന്ത്രി വീണ ജോർജാണ് 202021ലെ പുരസ്‌കാരങ്ങൾ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്.
കൊവിഡ് പ്രതിരോധം നേട്ടമായി
കൊവിഡ് പ്രതിരോധത്തിലെ മികവ് പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായി തദ്ദേശ സ്ഥാപന തലത്തിൽ കൊവിഡ് പ്രതിരോധത്തിനായി ആംബുലൻസുകൾ അനുവദിച്ചത് ജില്ലയിലാണ്. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലൻസുകൾ നൽകിയിരുന്നു.
ജില്ലാ പഞ്ചായത്ത് ആരംഭിച്ച ഹെൽപ് ഡെസ്‌ക് വഴി ടെലി മെഡിസിൻ, ടെലി കൗൺസിലിംഗ്, മരുന്നുകൾ, ഭക്ഷണം എന്നിവ എത്തിച്ച് നൽകുകയും ക്വാറന്റൈൻ സഹായം ഉൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്തു. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പൾസ് ഓക്‌സിമീറ്റർ, മാസ്‌ക്, സാനിട്ടൈസർ തുടങ്ങിയവയും എത്തിച്ചു നൽകാൻ സാധിച്ചു.
പ്രതിരോധ കുത്തിവയ്പ്, വാർഡുതല പ്രവർത്തനങ്ങൾ, മറ്റ് പ്രതിരോധ മുൻകരുതലുകൾ, പ്രാവർത്തികമാക്കിയ നൂതന ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യ നിർമാർജനം തുടങ്ങിയവയും പുരസ്‌കാരത്തിനായി വിലയിരുത്തി.
........................................
ആരോഗ്യ മേഖലയിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ ഊർജ്ജിതമായ പ്രവർത്തനങ്ങൾക്കുള്ള അഭിമാനകരമായ അംഗീകാരമാണിത്.
കെ.ജി. രാജേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്