pump-house
വാട്ടർ അതോറിറ്റിയുടെ യുടെ പ്രവർത്തന രഹിതമായ പാലക്കുറ്റി ഗ്രൗണ്ട് വാട്ടർ പമ്പ് ഹൗസ്


കണ്ണനാകുഴി പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ
പാലയ്ക്കൽ ജംഗ്ഷനിൽ പുതിയ കുഴൽകിണർ വേണം

ചാരുംമൂട് : വേനൽ കടുത്ത് താമരക്കുളം പഞ്ചായത്തി​ലെ പടി​ഞ്ഞാറൻ മേഖലയായ കണ്ണനാകുഴി​, വേടരപ്ളാവ് പ്രദേശങ്ങളി​ൽ കുടി​വെള്ള ക്ഷാമം രൂക്ഷമായതോടെ പുതി​യ കുഴൽകി​ണറി​നെക്കുറി​ച്ചുള്ള ചർച്ചകളും ചൂടുപി​ടി​ക്കുന്നു.

കെ. ഐ. പി കനാലിന്റെയോ പാറ്റൂർ കുടിവെള്ള പദ്ധതിയുടെ പ്രയോജനം ഈ പ്രദേശത്ത് ലഭ്യമല്ല. മാത്രമല്ല, പഞ്ചായത്തി​ലെ പാലയ്ക്കൽ ജംഗ്ഷനി​ലെ കുഴൽകി​ണർ പൂർണമായും ഉപയോഗ രഹി​തമായ അവസ്ഥയി​ലാണ്. ഈ സാഹചര്യങ്ങളാണ് പുതി​യ കുഴൽ കി​ണർ നി​ർമാണം അടി​യന്തര പ്രാധാന്യമുള്ള പ്രശ്നമായി​ ഉയർത്തുന്നത്.

20 വർഷം പഴക്കമുള്ള കുഴൽക്കി​ണർ

കണ്ണനാകുഴി മൂന്നാം വാർഡിലെ ഏകദേശം 30 സെന്ററോളം വരുന്ന റവന്യൂ പുറമ്പോക്ക് ഭൂമി​യി​ലെ മൂന്ന് സെന്റി​ൽ പ്രവർത്തി​ക്കുന്ന അങ്കണവാടിയോട് ചേർന്നാണ് ഇരുപത് വർഷങ്ങൾക്ക് മുൻപ് എം. എൽ. എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കുഴൽ കിണർ നിർമിച്ചത്. കണ്ണനാകുഴി വേടരപ്ലാവ് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് 2017 വരെ ഈ പദ്ധതി പ്രയോജനകരമായിരുന്നു. കാലപ്പഴക്കം കൊണ്ടും ഭൂഗർഭജലത്തിന്റെ ആഴംകൂടിയതിനാലും 2018 മുതൽ ഇത് പ്രയോജനകരമല്ലാതായി​. പലവട്ടം അറ്റകുറ്റപ്പണി നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇപ്പോൾ പൂർണമായും പ്രവർത്തനരഹിതമാണ്.

തടസം പുറമ്പോക്ക് ഭൂമി​യി​ലെ കൈയേറ്റമോ?

ആലപ്പുഴ ഭൂഗർഭ ജല അതോറിട്ടി​ പുതിയ കുഴൽക്കിണർ സ്ഥാപിക്കാൻ 2018 മുതൽ നിർദ്ദേശിക്കുന്നുണ്ട്. താമരക്കുളം പഞ്ചായത്ത് ഭരണസമിതി പുതിയ കുഴൽ കിണർ നിർമിക്കാൻ തീരുമാനമെടുത്തെങ്കിലും പദ്ധതി തുടങ്ങി​ട്ടി​ല്ല. 30 സെൻറിൽ മുകളിൽ റവന്യൂ പുറമ്പോക്ക് ഉള്ളതിൽ അംഗനവാടി നിൽക്കുന്ന 3 സെന്റ് ഒഴികെ ബാക്കി സ്ഥലം സ്വകാര്യവ്യക്തികൾ കൈയ്യടക്കി വച്ചിരിക്കുന്നതാണ് പുതിയ കുഴൽ കിണർ സ്ഥാപിക്കുന്നതിന് കാലതാമസം ഉണ്ടാക്കുന്നത് എന്ന് നാട്ടുകാർ പറയുന്നു.

........................

പാലയ്ക്കൽ ജംഗ്ഷനിലെ കൈയേറ്റം ഒഴിപ്പിക്കാൻ താമരക്കുളം വില്ലേജിൽ കത്ത് നൽകിയിട്ടുണ്ട്. പഴയ കുഴൽ കിണർ മാറ്റി പുതിയ കിണർ നിർമ്മിക്കണം. കാലപ്പഴക്കംചെന്ന പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുക കൂടി​ കണ്ണനാകുഴി വേടരപ്ലാവ് പ്രദേശത്തെ 1500 ഓളം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സാധിക്കും.

ടി. മന്മഥൻ, വാർഡ് മെമ്പർ