vanyath-road
മാന്നാർ ഗ്രാമ പഞ്ചായത്ത് നാലാംവാർഡിലെ കൊല്ലശ്ശേരിൽ-വാന്യത്ത് റോഡ് പുനർനിർമ്മിച്ചപ്പോൾ

മാന്നാർ: കുരട്ടിശേരി ഭാഗത്തുള്ള മാന്നാർ ഗ്രാമപഞ്ചായത്തിലെ കൊല്ലശ്ശേരിൽ-വാന്യത്ത് റോഡ്, തിരുവല്ല-കായംകുളം സംസ്ഥാനപാതയിലെ പന്നായിപ്പാലത്തിൽനിന്നും മുല്ലശ്ശേരിക്കടവിലേക്കും തറയിൽപള്ളം ഭാഗത്തേക്കുമുള്ള റോഡുകൾ എന്നി​വയുടെ പുനർ നി​ർമാണം പൂർത്തി​യായതോടെ നാട്ടുകാരുടെ യാത്രാദുരി​തത്തി​ന് അറുതി​യായി​.

നാലാം വാർഡിൽ മാന്നാർ-വീയപുരം സംസ്ഥാനപാതയിൽ മാന്നാർ ടെലിഫോൺ എക്സ്ചേഞ്ചിനു സമീപത്തുനിന്നും ആരംഭിക്കുന്ന കൊല്ലശ്ശേരിൽ-വാന്യത്ത് റോഡ് കാലങ്ങളായി ഒരുമഴപെയ്താൽ വെള്ളക്കെട്ടാവുകയും യാത്രദുസ്സഹമാവുകയും ചെയ്തിരുന്നു. താത്കാലിക സംവിധാനംഒരുക്കി വെള്ളമൊഴുക്കിവിടുകയായിരുന്നു പതിവ്. ഈ റോഡിലെ വെള്ളക്കെട്ടിനെക്കുറിച്ച് കൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പഞ്ചായത്തിന്റെ 2021 -22 പ്ലാൻഫണ്ടിൽ നിന്നും അഞ്ചരലക്ഷംരൂപ വിനിയോഗിച്ചാണ് റോഡിന്റെ പുനർനിർമ്മാണം നടത്തിയത്. വെള്ളക്കെട്ടിൽ നിന്നും ശാശ്വതമായ മോചനമെന്ന പ്രദേശവാസികളുടെ ആഗ്രഹ പൂർത്തീകരണമാണ് റോഡിന്റെ പുനർനിർമ്മാണത്തിലൂടെ കൈവരിച്ചതെന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സണും വാർഡംഗവുമായ ശാലിനി രഘുനാഥ് പറഞ്ഞു.

കയറ്റവും അപകടവും ഒഴി​ഞ്ഞു

തിരുവല്ല-കായംകുളം സംസ്ഥാനപാതയിലെ പന്നായിപ്പാലത്തിൽനിന്നും മുല്ലശേരിക്കടവിലേക്കും തറയിൽപള്ളം ഭാഗത്തേക്കുമുള്ള റോഡുകളുടെ ടാറിംഗ്ജോലികൾ പൂർത്തിയായപ്പോൾ കുത്തനെയുള്ള കയറ്റത്തിൽനിന്നും അപകടകരമായ യാത്രയിൽനിന്നുമാണ് മോക്ഷം ലഭിച്ചത്.

മാന്നാർ ടൗൺവാർഡായ അഞ്ചാംവാർഡിലെ മുല്ലശേരിക്കടവിൽ നിന്നുമുള്ള റോഡിലൂടെ പന്നായിപ്പാലത്തിലേക്ക് ദുർഘടമായ കുത്തനെയുള്ള കയറ്റംകയറി വേണമായിരുന്നു എത്തിച്ചേരാൻ. ഇരുചക്രവാഹനങ്ങളുംമറ്റും അപകടത്തിൽപെടാനുള്ള സാദ്ധ്യതയും വളരെക്കൂടുതലായിരുന്നു. പഞ്ചായത്തിന്റെ 2021 -22 പ്ലാൻഫണ്ടിൽ നിന്നും അഞ്ചരലക്ഷം രൂപ വിനിയോഗിച്ചാണ് ഈറോഡിന്റെ നിർമ്മാണം നടത്തിയതെന്ന് മുൻഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റും വാർഡംഗവുമായ ഷൈന നവാസ് പറഞ്ഞു.