
പൂച്ചാക്കൽ : അരൂക്കുറ്റിയിൽ ഇന്നലെ വടുതല കോട്ടൂർ പള്ളിയിലും ജെട്ടി തക്യാവ് പള്ളിയിലും കാണിക്കവഞ്ചി തകർത്ത് മോഷണ ശ്രമം നടന്നു. കോട്ടൂർ പള്ളിയിലെ പ്രധാന കാണിക്കവഞ്ചിയാണ് തകർത്തത്. എന്നാൽ പണം ഒന്നും നഷ്ടപ്പെട്ടില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. തിങ്കളാഴ്ച വ്യാപകമായ രീതിയിലാണ് ദേവാലയങ്ങളിൽ അക്രമവും മോഷണവും നടന്നത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിൽ വീണ്ടും മോഷണശ്രമം ഉണ്ടായത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ദേവാലയങ്ങൾ മാത്രം കേന്ദ്രീകരിച്ചുള്ള കവർച്ചാശ്രമം ഉണ്ടായത് നാട്ടിൽ അസ്വസ്ഥത ഉണ്ടാക്കാൻ വേണ്ടിയാണെന്നാണ് നിഗമനം. അരൂക്കുറ്റിയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കണെമെന്നും കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തണെമെന്നും എസ്.എൻ.ഡി.പി.യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി. അനിയപ്പൻ ആവശ്യപെട്ടു.