
ഹരിപ്പാട്: പാർപ്പിട മേഖലയ്ക്കും വ്യവസായ മേഖലയ്ക്കും മുൻഗണന നൽകുന്ന മുതുകുളം ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷത്തെ ബഡ്‌ജറ്റ് വൈസ് പ്രസിഡന്റ് ജി .ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. പ്രസിഡന്റ് ഡി. അംബുജാക്ഷി അദ്ധ്യക്ഷത വഹിച്ചു. 749777409 രൂപ വരവും 742089000 രൂപ ചിലവും 7688409 രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. പാർപ്പിട മേഖലയ്ക്ക് 98 ലക്ഷം രൂപയും വ്യവസായ മേഖലയിൽ വനിതകൾക്ക് സ്വയം തൊഴിൽ, കയർ മേഖലയുടെ വികസനം എന്നിവ ഉള്‍പ്പെടെ 42 ലക്ഷം രൂപയും, ആരോഗ്യ മേഖലയ്ക്ക് 50 ലക്ഷം രൂപയും വകയിരുത്തി. പശ്ചാത്തല മേഖലയുടെ വികസനത്തിനായി 1 കോടി 30 ലക്ഷം രൂപ വകയിരുത്തി. പട്ടികജാതി/ പട്ടികവർഗ ക്ഷേമത്തിനായി 1.40 കോടി നീക്കിവെച്ചു. ശുചിത്വം, മാലിന്യ സംസ്ക്കരണത്തിനായി 8232000 രൂപയും സേവന മേഖലയ്ക്കായി 1.16 കോടി രൂപ നീക്കിവെച്ചു.കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തിൽ പുതുതായി വാങ്ങിയ സ്ഥലത്ത് വ്യവസായ എസ്റ്റേറ്റ് നിർമ്മിക്കുന്നതിന് 44 ലക്ഷം രൂപയും കാർഷിക-ക്ഷീര വികസന മേഖലയ്ക്ക് 52 ലക്ഷം രൂപയും അനുവദിച്ചു. വയോജനങ്ങൾ, ട്രാൻസ്ജൻഡേഴ്സ്, പാലിയേറ്റീവ് കെയർ പദ്ധതികൾക്കായി 22 ലക്ഷം രൂപയും തീരപ്രദേശങ്ങളിൽ തീരം കാക്കാൻ കണ്ടൽ, കണ്ടൽ കാക്കാൻ നമ്മൾ എന്ന പേരിൽ തീര സംരക്ഷണത്തിന് ബയോ ഡൈവേഴ്സിറ്റി ബോർഡും തൊഴിലുറപ്പു പദ്ധതിയുമായി ചേർന്ന് 931000 രൂപയുടെ പദ്ധതിക്കും തുക നീക്കിവെച്ചിട്ടുണ്ട്.