മാരാരിക്കുളം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലടക്കം ശ്രദ്ധേയമായ പദ്ധതികൾ നടപ്പാക്കിയ ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആർദ്റമീ ആര്യാട് പദ്ധതിക്ക് സംസ്ഥാനതല പുരസ്‌ക്കാരം. ആർദ്റ കേരളം മൂന്നാം സ്ഥാനമാണ് ലഭിച്ചത്.ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ 43,812 കുടുംബങ്ങളിൽ എല്ലാവർക്കും ആർദ്റമി ആര്യാട് സന്നദ്ധ പ്രവർത്തകർ മുഖേന സമഗ്ര ആരോഗ്യ പരിരക്ഷ ലഭ്യമാക്കുകയാണ് ലക്ഷ്യം. 20 മുതൽ 25 കുടുംബങ്ങൾക്ക് ഒരു സന്നദ്ധ പ്രവർത്തകൻ എന്ന നിലയിലാണ് ഈ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. സന്നദ്ധ പ്രവർത്തകരെ സജ്ജരാക്കുക എന്നതായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം. കൊവിഡ് മഹാമാരി കാലത്ത് ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ 80 വാർഡുകളിലും കൊവിഡ് കൺട്രോൾ റൂമുകൾ രൂപീകരിച്ച് ആർദ്റമീ ആര്യാട് സന്നദ്ധപ്രവർത്തകർ വഴി മരുന്നുകളും പോഷകാഹാരവും വീടുകളിൽ എത്തിച്ചു.വാർഡ് തല പ്രവർത്തനങ്ങൾക്കായി 80 ടാബുകൾ വാർഡ് കോ-ഓർഡിനേറ്റർ മാർക്കായി നൽകി. ഈ ടാബുകൾ ഉപയോഗിച്ച് ടെലിമെഡിസിൻ സംവിധാനവും ശക്തിപ്പെടുത്തി. ജില്ലയിലെ ഏറ്റവും വലിയ സി.എഫ്.എൽ.ടി.സി ആയ ഡി.സി മിൽസിൽ 1440 കിടക്കകളും 200 ഓക്‌സിജൻ കിടക്കകളും സജ്ജീകരിച്ചു ഭൗതിക സാഹചര്യം ഉറപ്പുവരുത്തി. 21, 500 രോഗികൾക്ക് ആശ്വാസം നൽകാൻ പദ്ധതികൾക്ക് സാധിച്ചു. പദ്ധതി വിഹിതത്തിൽ നിന്നും 45 ലക്ഷം രൂപയും ദുരന്തനിവാരണ ഫണ്ടിൽനിന്നും നിന്നും ലഭിച്ച രണ്ട് കോടി രൂപയും ചിലവഴിച്ചു. പ്രത്യേക പരിശീലനം നേടീയ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ സബ് സെന്റർ കേന്ദ്രീകരിച്ച് ആർദ്റമീ ആര്യാട് കമ്മ്യൂണിറ്റി ഫാർമസിസ്റ്റ് നേതൃത്വത്തിൽ ജീവിത ശൈലി രോഗ നിർണയ ക്യാമ്പുകളും ചികിത്സാ ക്യാമ്പുകളും നടന്നവരുന്നത്.
.........
'' പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി വയോജന സൗഹൃദ ഗ്രാമം എന്ന പദ്ധതിക്കായുള്ള ചർച്ചകൾ നടന്നുവരുന്നു
കെ.ഡി.മഹീന്ദ്രൻ(ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് )