ആലപ്പുഴ : നഗരസഭയിൽ പുതിയ പ്രഖ്യാപനങ്ങൾ വന്നിട്ടും പുതിയ റോഡിലൂടെ സഞ്ചരിക്കാനുള്ള വിവിധ വാർഡുകളിലെ ജനങ്ങളുടെ കാത്തിരിപ്പ് നീളുന്നു. പല വാർഡുകളിലും റോഡ് പൊളിച്ച് മെറ്റൽ പാകിയിട്ട് മാസങ്ങൾ പിന്നിട്ടു. മെറ്റൽ റോഡിൽ കൂടി വാഹനമോടിക്കുന്നതിനിടെ വീണ് പരിക്കേറ്റവരുമുണ്ട്. . ഒരു വാർഡിൽ തന്നെ വിവിധ റോഡുകൾ ഒരേ സമയം പൊളിച്ചിട്ടത് യാത്രക്കാരുടെ ക്ലേശം വർദ്ധിപ്പിന്നു. പ്രധാന റോഡിലേക്കിറങ്ങാനുള്ള എല്ലാ വഴികളും വാഹനം ഓടിക്കാനോ, സുഗമമായി നടക്കാനോ സാധിക്കാത്ത സ്ഥിതിയിലാണെന്ന് നഗരഹൃദയത്തിലെ ജനങ്ങൾ പറയുന്നു. ഏതെങ്കിലും ഒരു റോഡ് യോഗ്യമാക്കിയ ശേഷം മറ്റുള്ളവ പൊളിക്കുകയായിരുന്നെങ്കിൽ ഇത്ര ബുദ്ധിമുട്ട് നേരിടില്ലായിരുന്നു. കൂനിന്മേൽ കുരു പോലെ സ്ട്രീറ്റ് ലൈറ്റുകൾ പലതും കണ്ണടയ്ക്കുന്നതുംയാത്രക്കാരെ വലയ്ക്കുന്നു.
ഗതാഗതപ്രശ്നം നേരിടുന്ന ചില റോഡുകൾ
പഴവങ്ങാടി പള്ളിക്ക് സമീപം പഴയ തിരുമല ഭാഗത്തേക്കുള്ള റോഡ്: മുല്ലയ്ക്കൽ വാർഡിലെ പല റോഡുകൾ ഒരേ സമയം വെട്ടിപ്പൊളിച്ചിട്ടിട്ട് മൂന്ന് മാസം പിന്നിട്ടു. കാൽനട പോലും സുഗമമല്ല.
 പാലത്തണൽ - പൂന്തോപ്പ് റോഡ് : പൂന്തോപ്പ് വാർഡിലെ പ്രധാന ആശ്രയം. നാല് വർഷം മുമ്പാണ് പുനർനിർമ്മിച്ചത്. തൊട്ടടുത്ത വർഷം പൈപ്പ് സ്ഥാപിക്കാൻ പൊളിച്ചു. പിന്നീട് കുഴി മൂടിയില്ല. ഇപ്പോൾ റോഡ് പൂർണമായും തകർന്നു.
കൈതവന - പക്കി കോർട്ട് റോഡ് : കൈതവന പള്ളിക്ക് തെക്കുവശം കുരിശടി മുതൽ കിഴക്കോട്ട് റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. പൈപ്പിടാൻ വേണ്ടി പൊളിച്ചതോടെ നടക്കാനുള്ള വഴിയും അടഞ്ഞു.
പി.എസ്.സി ഓഫീസ് - വട്ടപ്പള്ളി റോഡ്: കളക്ടറേറ്റ് ജംഗ്ഷന് സമീപം പി.എസ്.സി ഓഫീസിന് വടക്കുവശം പടിഞ്ഞാറോട്ടുള്ള റോഡ് ടൈൽ ഇളകിയും കലുങ്ക് തകർന്നും കിടക്കുകയാണ്. വാഹനങ്ങൾക്ക് സഞ്ചരിക്കാൻ യാതൊരു മാർഗവുമില്ല.
ഒരേ സമയമാണ് അടുത്തടുത്ത റോഡുകൾ വെട്ടിപ്പൊളിച്ചിടുന്നത്. ഇതിലൊന്നും പോലും പണി പൂർത്തിയാക്കാതെ മാസങ്ങൾ പിന്നിടുമ്പോൾ പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ട് സഹിക്കുകയാണ്. മെറ്റലിട്ട വഴിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധിപ്പേരാണ് അപകടത്തിൽപ്പെട്ടത്
- ടി.എ.വാഹിദ്