
അമ്പലപ്പുഴ: കഠാര അരയിൽ നിന്ന് ഊരിയാൽ പിന്നെ രക്തം കാണാതെ അത് മടക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് ജീവിച്ച ഇറച്ചി ആൽബിനെന്ന ഇപ്പോഴത്തെ ബ്രദർ മാത്യു ആൽബിന്റെ ജീവിതകഥ പുസ്തകരൂപത്തിലായി. 'കാരുണ്യത്തിന്റെ കനൽവഴികൾ" എന്നാണ് കൈനകരി അപ്പച്ചൻ രചിച്ച പുസ്തകത്തിന്റെ പേര്.
കയ്പാർന്ന ജീവിതാനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. 20 അദ്ധ്യായങ്ങളുണ്ട്. വർഷങ്ങൾ നീണ്ട തടവറ ജീവിതത്തിൽ നിന്ന് 1997ലെ റിപ്പബ്ളിക് ദിനത്തിൽ പുറത്തുവന്ന ആൽബിൻ മറ്റൊരു മനുഷ്യനായി മാറുകയായിരുന്നു. തെരുവിന്റെ മക്കൾക്കായി തന്റെ ജീവിതം സമർപ്പിച്ചു. ആൽബിൻ ആരംഭിച്ച പുന്നപ്ര ശാന്തിഭവനിൽ ഇന്ന് മനോരോഗികളും അനാഥരുമായ 180 ഓളം അന്തേവാസികളുണ്ട്. വിവിധ മതസ്ഥരായ ഇവർ ബ്രദർ മാത്യു ആൽബിന്റെ തണലിൽ ഏകോദര സഹോദരങ്ങളെപ്പോലെയാണ് കഴിയുന്നത്. ചങ്ങനാശേരി അതിരൂപത മെത്രാപ്പൊലീത്ത ഫാ.ജോസഫ് പെരുന്തോട്ടം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസി, മുൻ മന്ത്രി ജി.സുധാകരൻ, ചാവറ തീർഥാടന കേന്ദ്രം ഡയറക്ടർ ഫാ.തോമസ് ഇരുമ്പു കുത്തിയിൽ , പൊതുപ്രവർത്തകനായ കമാൽ എം. മാക്കിയിൽ എന്നിവർ അടക്കം നിരവധി പേർ പുസ്തകത്തിന് ആശംസകൾ നേർന്നു. ബി.ജോസുകുട്ടിയാണ്അവതാരിക എഴുതിയത്.