
വിഡ്ഢിദിന ഓർമ്മകളുമായി വയലാർ ശരത് ചന്ദ്രവർമ്മ
ആലപ്പുഴ: പറ്റിക്കപ്പെടുന്ന ദിനമായാണ് വിഡ്ഢിദിനത്തെ പൊതുവായി കണക്കാക്കുന്നത്. കഴിഞ്ഞ ഒരു വർഷം ചെയ്തുപോയ സ്വന്തം അമളികളെയോർത്ത് സ്വയം ചിരിക്കാനും ഓർമ്മിക്കാനുമുള്ള ദിനമെന്നാണ് പ്രശസ്ത എഴുത്തുകാരൻ മാർക്ക് ട്വയിൻ വിഡ്ഢിദിനത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഏതൊരു മലയാളിക്കും വിഡ്ഢിദിനത്തിന്റെ ഓർമ്മകളായി മനസിൽ സൂക്ഷിക്കാൻ ചില ഏടുകളുണ്ടാവും. തന്റെ ബാല്യകാല ഓർമ്മകൾ പങ്കുവയ്ക്കുകയാണ് പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ.
'' ഓർമ്മകൾ 47 കൊല്ലം പിന്നിലേക്ക് സഞ്ചരിക്കുകയാണ്. കളമശ്ശേരി രാജഗിരി സ്കൂളിലെ എസ്.എസ്.എൽ.സി കാലം. അന്ന് ഹോസ്റ്റൽ ലീഡറെന്ന പദവി എനിക്ക് ലഭിച്ച സമയമാണ്. വിഡ്ഢിദിനാഘോഷങ്ങൾക്കും ഞാൻ തന്നെ തേതൃത്വം നൽകി. പതിവ് പോലെ പുലർച്ചെ നാല് മണിയോടെ ഹോസ്റ്റൽ വാർഡനായ ഫാദർ വർഗീസ് കോട്ടൂർ ഡോർമിറ്ററിയിലെത്തി. എന്നും എഴുന്നേൽക്കാൻ മടിച്ച് ചൂരൽ കഷായം വാങ്ങുന്ന കുട്ടികൾ പോലും അന്നത്തെ ദിവസം വാർഡനച്ചന്റെ ശബ്ദം കേട്ടയുടൻ കിടക്കയിൽ നിന്ന് ചാടിയെഴുന്നേറ്റു. പക്ഷേ ഒരു കട്ടിലിൽ മാത്രം ഒരാൾ ഉറക്കമുണരാതെ കിടക്കുന്നത് വാർഡന്റെ ശ്രദ്ധയിൽപ്പെട്ടു. കുട്ടിയെ ഉണർത്താൻ ആദ്യം ചൂരൽ കൊണ്ട് കട്ടിലിൽ തട്ടി. അനക്കമില്ല. അൽപ്പം ഭയത്തോടെ കുട്ടിയുടെ ദേഹത്ത് ചൂരൽ തട്ടി വിളിച്ചു. എന്നിട്ടും അനക്കമില്ല. ആകെ വെപ്രാളപ്പെട്ട വാർഡനച്ചൻ അതേ ചൂരൽ കൊണ്ട് പുതപ്പ് പതുക്കെ പൊക്കി നോക്കിയപ്പോൾ അതാ കിടക്കുന്നു ഒരു ബൊമ്മ!. ഭയം ദേഷ്യത്തിന് വഴി മാറിയതോടെ ഡോർമിറ്ററിക്ക് ചുറ്റും ചൂരലുമായി വാർഡനും, അടി കിട്ടാതിരിക്കാൻ കുട്ടികളും ഓട്ടത്തോട് ഓട്ടം. അവിടം കൊണ്ടും വിഡ്ഢിദിനാഘോഷം അവസാനിച്ചില്ല. പ്രഭാത ഭക്ഷണത്തിനായി എല്ലാവരും ഒത്തുചേർന്നു. ജീവനക്കാരും കുട്ടികളും ഒരുമിച്ച്, ഒരേ ഭക്ഷണമാണ് കഴിക്കുന്നത്. സീനിയറച്ചനും വാർഡനച്ചനും കുട്ടികൾക്കൊപ്പമിരുന്നു. ചൂട് ചായ ആസ്വദിച്ച് കുടിക്കാനൊരുങ്ങിയ വാർഡനച്ചൻ രുചിച്ചത് ഉപ്പിട്ട ചായ! ഇതോടെ രംഗം വഷളായി. അന്നേ ദിവസം വിഡ്ഢിദിനമാണെന്ന് സീനിയർ ഫാദർ ഓർമ്മിപ്പിച്ചതോടെയാണ് വാർഡനച്ചന് കാര്യ പിടികിട്ടിയത്. അതോടെ അദ്ദേഹം ശാന്തനായി. പിന്നീട് എത്രയോ തവണ സ്കൂളിലെ വിവിധ പരിപാടിക്കായി എത്തിയപ്പോഴും ഞങ്ങളുടെ ബാച്ചിനെ ഓർമിക്കുന്നത് ഈ സംഭവങ്ങളുടെ പേരിലായിരുന്നു. പിന്നീടൊരിക്കലും വിഡ്ഢിദിനം ആഘോഷിക്കാൻ അവസരമുണ്ടായില്ല. തീയതി ഓർമിച്ച്, വിഡ്ഢിത്തം സംഭവിക്കാതിരിക്കാൻ മുൻകരുതലോടെയാണ് ഇരിക്കാറുള്ളത്.