s

ആലപ്പുഴ: ഫോക്കസ് ഏരിയ മാത്രം പഠിച്ചാൽ എ ഗ്രേഡ് ലഭിക്കില്ലെന്ന ആശങ്കയിൽ പരീക്ഷയ്ക്കെത്തിയ വിദ്യാ‌ർത്ഥികളെ കാത്തിരുന്നത് കുഴപ്പിക്കാത്ത ചോദ്യങ്ങൾ. എസ്.എസ്.എൽസി പരീക്ഷയുടെ ആദ്യ ദിനമായ ഇന്നലെ പാർട്ട് വൺ മലയാളം പരീക്ഷ എളുപ്പമായിരുന്നെന്ന് ഭൂരിഭാഗം വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു. ജില്ലയിൽ നാല് വിദ്യാഭ്യാസ ഉപജില്ലകളിലും എല്ലാ വിദ്യാർത്ഥികളും പരീക്ഷയ്ക്ക് ഹാരജായതായി വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ എ.പ്രസന്നൻ അറിയിച്ചു. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പരീക്ഷാ നടപടികൾ. സാനിട്ടൈസർ നൽകിയും, ശരീര താപനില പരിശോധിച്ചുമാണ് കുട്ടികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിച്ചത്. കൊവിഡ് പോസിറ്റീവായ കുട്ടികളെത്തിയാൽ അവർക്ക് വേണ്ടി പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ഏപ്രിൽ 6നാണ് അടുത്ത പരീക്ഷ .