
ആലപ്പുഴ: ആലപ്പുഴ റവന്യൂ ഡിവിഷണൽ ഓഫീസിൽ നടത്തിയ ഫയൽ അദാലത്തിൽ 200 അപേക്ഷകളിൽ തീർപ്പു കൽപ്പിച്ചു. 150 അപേക്ഷകർക്ക് ഉത്തരവുകൾ കൈമാറി. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം, ഡാറ്റാബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് അദാലത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതുൾപ്പെടെ സമീപ നാളുകളിൽ നടത്തിയ മൂന്ന് അദാലത്തുകളിലായി എഴുന്നൂറോളം അപേക്ഷകളിൽ തീർപ്പു കൽപ്പിച്ചു. കുടിശിക ഫയലുകളിൽ സമയബന്ധിതമായി തീർപ്പുകൽപ്പിക്കുന്നതിന് കർശന നടപടികൾ സ്വീകരിച്ചുവരികയാണെന്ന് സബ് കളക്ടർ സൂരജ് ഷാജി അറിയിച്ചു. തഹസിൽദാർ ഉഷ, അമ്പലപ്പുഴ തഹസിൽദാർ(ആർ.ആർ) സുനിൽകുമാർ, ഡെപ്യൂട്ടി തഹസിൽദാർമാരായ പി.ഡി. സുധി, കെ.വി.ഗിരീശൻ, സനൽകുമാർ, സീനിയർ സൂപ്രണ്ട് ബി.കവിത എന്നിവരും അദാലത്ത് നടപടികളിൽ പങ്കാളികളായി.