ചാരുംമൂട്: താമരക്കുളം വയ്യാങ്കരച്ചിറ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് രൂപരേഖയാവുന്നു. എം.എസ്. അരുൺ കുമാർ എം.എൽ.എ ക്കൊപ്പം ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ചിറ സന്ദർശിച്ചു. പ്രവേശന കവാടം, ഇരുവശത്തും നടപ്പാത, ഇരിപ്പടങ്ങൾ, ചിറയിലേക്ക് തള്ളിയുള്ള, ലേക് വ്യൂ ബ്രിഡ്‌ജ് , കുട്ടികളുടെ പാർക്ക്, അലങ്കാര വിളക്കുകൾ എന്നിവയാണ് 1.6 കോടി രൂപ ചെലവിൽ ഒന്നാം ഘട്ടത്തിൽ നിർമ്മാണം നടത്തിയിട്ടുള്ളത്.
രണ്ടാംഘട്ടത്തിൽ ചിറയ്ക്ക് ചുറ്റും റോഡ്, അലങ്കാര വിളക്കുകൾ, കുട്ടികൾക്ക് കാർ സവാരി, പ്രഭാത സവാരിക്ക് സൗകര്യങ്ങൾ,ആയുർവ്വേദ ഹബ്ബ്, ബോട്ടിംഗ് , മാജിക്ക് തിയേറ്റർ, ഓപ്പൺ സ്റ്റേജ്, ഭക്ഷണശാല, ഫിഷിംഗ്, കൃത്രിമ വനങ്ങൾ, ചിറയുടെ മദ്ധ്യത്തായി വിശ്രമ സ്ഥലം തുടങ്ങിയവയാണ് ആലോചനയിലുള്ളത്. രൂപരേഖ ഉടൻ തയ്യാറാക്കി ടൂറിസം വകുപ്പിന് കൈമാറുമെന്ന് എം.എൽ.എ പറഞ്ഞു.
ഇരപ്പൻപാറ, പുതുച്ചിറ എന്നീ സ്ഥലങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള വയ്യാങ്കരച്ചിറയുടെ ടൂറിസം മാർരേഖ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു എം.എൽ.എക്കും ഉദ്യോഗസ്ഥർക്കും കൈമാറി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ഡി.ടി.പി.സി സെക്രട്ടറി ലിജോ തോമസ്, ഉദ്യോഗസ്ഥരായ ഹരവൺ ബാബു, എസ്.എസ്. വിനോദ് കുമാർ , വിഷ്ണു, ബ്ളോക്ക് പഞ്ചായത്തംഗം ശാന്തി സുഭാഷ് പഞ്ചായത്തംഗങ്ങളായ ശോഭ സജി, അനില തോമസ്, എസ്. ശ്രീജ, രജിത അളകനന്ദ എന്നിവരും ഒപ്പമുണ്ടായിരുന്നു.