
ന്യൂഡൽഹി:യുക്രെയിനിനെതിരെയുള്ള റഷ്യയുടെ യുദ്ധം 11 ദിവസം പിന്നിടുമ്പോൾ അഭയാർത്ഥികൾ 15 ലക്ഷത്തിലെത്തുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇത് 40 ലക്ഷം കവിയും.
പോളണ്ട്, റുമാനിയ, ഹംഗറി, മൊൾഡോവ എന്നീ രാജ്യങ്ങളിലേക്കാണ് അഭയാർത്ഥികൾ പാലായനം ചെയ്യുന്നത്. യുക്രെയിനുമായി 500 കിലോമീറ്റർ അതിർത്തി പങ്കിടുന്ന പോളണ്ടിൽ എത്തിയത് 5,48,000 പേരാണ്. ഹംഗറിയിൽ 1,33,000 പേരും സ്ലോവാക്യയിൽ 72,000 പേരും റുമാനിയയിൽ 51,260 പേരും യൂറോപ്പിലെ ഏറ്റവും ദരിദ്ര രാജ്യമായ മൊൾഡോവയിൽ 98,000 പേരും ബെലാറസിൽ 350 പേരും എത്തിയിട്ടുണ്ട്.
ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്ന് മെഡിക്കൽ പഠനത്തിനും തൊഴിൽ തേടിയും എത്തിയവരോട് പോളണ്ടിലും ഹംഗറിയലും കടുത്ത വംശീയ വിവേചനം കാണിക്കുന്നതായും
പരാതിയുടുണ്ട്. പോളണ്ട് അതിർത്തിയിൽ 60 മണിക്കൂറിലേറെ കാത്തിരുന്നാണ് സ്ത്രീകളും കുട്ടികളുമടക്കം രാജ്യം വിടുന്നത്. യുക്രെയിനിലെ പുരുഷന്മാരെ അഭയാർത്ഥികളാകാൻ സർക്കാർ അനുവദിക്കുന്നില്ല. പുരുഷന്മാർ രാജ്യത്തെ സംരക്ഷിക്കാനായി പോരാടാൻ നിയമപരമായി ബാദ്ധ്യസ്ഥരായതിനാലാണിത്. അഭയാർത്ഥികളെ സ്വീകരിക്കാൻ യൂറോപ്യൻ യൂണിയൻ പദ്ധതി തയ്യാറാക്കുകയാണ്. മൂന്ന് വർഷം രാജ്യത്ത് താമസിക്കാനും തൊഴിലെടുക്കാനുള്ള പദ്ധതിയാണ് 27 രാജ്യങ്ങൾ ചേർന്ന് തയ്യാറാക്കുന്നത്. പാർപ്പിടം, ചികിത്സ, സ്‌കൂൾ പ്രവേശനം എന്നിവയുമടങ്ങിയതാണ് പദ്ധതി. ഹംഗറിയും റുമാനിയയും ഭക്ഷണത്തിനും വസ്ത്രത്തിനുമുള്ള അലവൻസ് നൽകുന്നതോടൊപ്പം കുട്ടികൾക്ക് സ്‌കൂളുകളിൽ പ്രവേശനവും നൽകുന്നു. ബ്രിട്ടൻ രണ്ട് ലക്ഷം അഭയാർത്ഥികളെ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.