
ന്യൂഡൽഹി:യുക്രെയിനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലാണെന്നും ശേഷിക്കുന്ന വിദ്യാർത്ഥികൾ ഉടൻ രജിസ്റ്റർ ചെയ്യണമെന്നും യുക്രെയിനിലെയും ഹംഗറിയിലെയും ഇന്ത്യൻ എംബസികൾ അറിയിച്ചു. സ്വന്തം നിലയിൽ താമസിക്കുന്ന വിദ്യാർത്ഥികൾ പ്രാദേശിക സമയം 10 നും 12 നുമിടയിൽ ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിലെ ഹംഗേറിയ സിറ്റി സെന്ററിൽ എത്താനാണ് നിർദ്ദേശം. യുദ്ധ മേഖലകളിൽ കുടുങ്ങിയവർ സ്ഥിതി വിവരിച്ച് ലൊക്കേഷൻ ഉൾപ്പെടുത്തി ഒരു ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകണം.
ഇനി സുമിയിലെ രക്ഷാദൗത്യം
സ്ഥിതി രൂക്ഷമായ സുമിയിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് ഇനി മുൻഗണനയെന്ന് വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇവിടെ യാത്രാ സൗകര്യം ലഭ്യമല്ല. ഒഴിപ്പിക്കൽ ബസുകൾ തയ്യാറാക്കാൻ കഴിയുന്നില്ല. രക്ഷാദൗത്യം വലിയ വെല്ലുവിളിയാണ്. 700 പേരാണ് സുമിയിലുള്ളതെന്നാണ് കണക്ക്. ഖാർകീവിൽ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ രക്ഷാദൗത്യം തുടങ്ങും. അതുവരെ വിദേശ മന്ത്രാലയം നൽകിയ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് ക്ഷമയോടെ കാത്തിരിക്കണമെന്നും എംബസി അറിയിച്ചു.
13 വിമാനങ്ങൾ കൂടി
അടുത്ത 24 മണിക്കൂറിൽ 13 വിമാനങ്ങൾ ഇന്ത്യക്കാരുമായി എത്തും . ഇതുവരെ ഓപ്പറേഷൻ ഗംഗയിൽ 63 വിമാനങ്ങളിലായി 13,300 വിദ്യാർത്ഥികൾ തിരിച്ചെത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 15 വിമാനങ്ങളിൽ 2,900 പേർ തിരിച്ചെത്തി. ആകെ 21,000 പേരെയാണ് രക്ഷിച്ചത്. ഏറ്റവും പ്രതിസന്ധി സൃഷ്ടിച്ച ഹാർകിവിലെ എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു. യുക്രെയിനിൽ ഇനി എത്ര ഇന്ത്യക്കാർ ഉണ്ടെന്ന് നിരീക്ഷിക്കുകയാണ്. ഓപ്പറേഷൻ ഗംഗയിൽ രജിസ്റ്റർ ചെയ്യാത്തവരെ എംബസി നേരിട്ട് ബന്ധപ്പെടും. നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ രണ്ട് പേരെ ഇന്നലെ ഇന്ത്യയിലെത്തിച്ചു. കഴിഞ്ഞ ദിവസവും ഒരു ബംഗ്ലാദേശ് പൗരനെ ഒഴിപ്പിച്ചു.